ഉപ നേതൃസ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി, ആം ആദ്‌മിയിൽ ഭിന്നത

Friday 03 April 2026 12:45 AM IST

ന്യൂഡൽഹി: യുവ നേതാവായ രാഘവ് ഛദ്ദയെ ആം ആദ്‌മി നേതൃത്വവുമായുള്ള ഭിന്നത വർദ്ധിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപനേതാവ് പദവിയിൽ നിന്ന് നീക്കി. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായ രാഘവ് ഛദ്ദയ്‌ക്ക് പാർട്ടിയുടെ ക്വോട്ടയിൽ സഭയിൽ സംസാരിക്കാൻ അനുമതി നൽകരുതെന്നും ആം ആദ്‌മി പാർട്ടി കത്ത് നൽകി. രാഘവിന് പകരം പഞ്ചാബിൽ നിന്നുള്ള മറ്റൊരു രാജ്യസഭാംഗമായ അശോക് മിത്തലിനാണ് ഉപനേതാവിന്റെ ചുമതല. സഞ്ജയ് സിംഗാണ് നേതാവ്. ആംആദ്‌മി പാർട്ടിക്ക് പത്ത് രാജ്യസഭാ എം.പിമാരുണ്ട്. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളും രാഘവ് ഛദ്ദയും തമ്മിൽ കുറച്ചുനാളായി നല്ല ബന്ധമല്ലെന്നാണ് സൂചന. കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ കൂട്ടായ നീക്കങ്ങൾക്ക് രാഘവ് ഛദ്ദ സഹകരിക്കാത്തതും ഭിന്നത രൂക്ഷമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രമേയത്തിൽ അദ്ദേഹം ഒപ്പിട്ടിരുന്നില്ല.

 37കാരനായ ഛദ്ദ,​ 2012ൽ പാർട്ടി രൂപീകരണം മുതലുള്ള നേതാവാണ്

 പാർട്ടി ദേശീയ വക്താവായും ട്രഷററായും നിയമിതനായി

 2020ലെ ഡൽഹി തിരഞ്ഞെടുപ്പിൽ, രജീന്ദർ നഗർ സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു

 2022ൽ രാജ്യസഭയിലെത്തി.

 വിമാനത്താവളങ്ങളിലെ ഉയർന്ന ഭക്ഷണ വില, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ, പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, മൊബൈൽ ഫോൺ റീചാർജ്ജുകളിലെ ചൂഷണം തുടങ്ങിയ വിഷയങ്ങൾ സഭയിലുന്നയിച്ച് ശ്രദ്ധ നേടി.

 ചലച്ചിത്ര താരം പരിണിതി ചോപ്രയാണ് ഭാര്യ