വിഗ്രഹ മോഷ്ടാവ് പിടിയിൽ
മാവേലിക്കര: വിഗ്രഹവും കാണിക്കവഞ്ചിയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷി (41)നെയാണ് വെൺമണി പൊലീസ് പിടികൂടിയത്. ഫെബ്രുവരി 25ന് വെൺമണിയിലുള്ള കുതിരവട്ടം ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ പാറച്ചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്നും വെള്ളിയിൽ നിർമ്മിച്ച ഒന്നര ലക്ഷം രൂപ വിലവരുന്ന അയ്യപ്പ വിഗ്രഹവും ഓടിൽ നിമ്മിച്ച തൂക്കുവിളക്കുകളും കിണ്ടിയും കാണിക്ക വഞ്ചിയിലിണ്ടായിരുന്ന പണവും ഇയാൾ മോഷ്ടിച്ചു. സമീപത്ത് തന്നെയുള്ള കുതിരവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളിൽ നിന്നും പണം മോഷ്ടിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി എസ്.എച്ച്.ഒ രാജേഷ്.പിയുടെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറുപതോളം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. വർഷങ്ങൾക്ക് മുമ്പ് മാവേലിക്കരയിലെ വീട് വിറ്റുപോയ ഇയാൾ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന മൊബെെൽ ഫോണിന്റെ സിം കാർഡ് നശിപ്പിച്ചുകളയുന്നതായിരുന്നു പതിവ്. മാവേലിക്കരയിൽ താമസിച്ചപ്പോൾ ഉണ്ടായിരുന്ന സുഹൃത്തുകളുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി വാഗമൺ പശുപ്പാറ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. വിഗ്രഹവും മറ്റ് സാധനങ്ങളും കോട്ടയം ഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്.വി, എ.എസ്.ഐ ബിജു.ഡി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ.എസ്, വെെശാഖ് തമ്പി, ആകാശ് കൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.