ഭീകരാക്രമണം: കോംഗോയിൽ 43 മരണം

Friday 03 April 2026 7:33 AM IST

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) ഐസിസുമായി ബന്ധമുള്ള ഭീകര സംഘടന നടത്തിയ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. ഇട്ടൂരി പ്രവിശ്യയിലെ ബഫ്‌വകോവ ഗ്രാമത്തിൽ ബുധനാഴ്ച രാത്രി 7ഓടെയായിരുന്നു സംഭവമെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

ഐസിസിന് അനുബന്ധമായി പ്രവർത്തിക്കുന്ന ഉഗാണ്ടൻ ഭീകരവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് പിന്നിൽ. കോംഗോയുടെ കിഴക്കൻ ഭാഗങ്ങളിൽ ഇവരുടെ പ്രവർത്തനം സജീവമാണ്. 44 വീടുകൾ കത്തിച്ചു. ഗ്രാമത്തിലുള്ളവരെ കത്തി കൊണ്ട് കുത്തിയും വീടിനുള്ളിൽ വച്ച് തീകൊളുത്തിയുമാണ് കൊന്നത്. രണ്ട് പേരെ തട്ടിക്കൊണ്ടുപോയി.

2021 മുതൽ കോംഗോ-ഉഗാണ്ടൻ സംയുക്ത സൈനിക ഓപ്പറേഷൻ തുടങ്ങിയിട്ടും അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സിന്റെ അക്രമങ്ങൾക്ക് തടയിടാൻ കഴിഞ്ഞിട്ടില്ല.