'യുദ്ധ'ത്തിൽ നിറം മാറ്റിക്കളിച്ച് ട്രംപ്: പ്രഹരിക്കും, ഇറാനെ ശിലായുഗത്തിലെത്തിക്കും ശത്രുക്കൾ കീഴടങ്ങും വരെ യുദ്ധമെന്ന് ഇറാൻ
ടെഹ്റാൻ: ഇറാനിൽ അതി കഠിനമായ ആക്രമണങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കരണം മറിച്ചിൽ. രണ്ടു മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇറാനെ അതി കഠിനമായി പ്രഹരിക്കുമെന്നും ശിലായുഗത്തിലേക്ക് മടക്കി അയയ്ക്കുമെന്നും ഭീഷണി മുഴക്കി. രണ്ടു മൂന്ന് ആഴ്ചയ്ക്കുള്ളിൽ കരാറില്ലാതെ തന്നെ യുദ്ധം അവസാനിപ്പിച്ചേക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അഭിപ്രായം. ഇന്നലെ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിനിടെയാണ് ട്രംപ് വീണ്ടും നിലപാടു മാറ്റിയത്.
യു.എസ് സൈനിക ലക്ഷ്യങ്ങൾ ഉടൻ പൂർത്തിയാക്കും. യു.എസിന്റെ നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ യുദ്ധം കൂടുതൽ വഷളാകും. കരാറിന് ധാരണയിലെത്തിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ, എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കും
ഹോർമുസ് കടലിടുക്കിലെ സുരക്ഷ മദ്ധ്യേഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ ചുമതലയാണെന്നും, ഹോർമുസ് പിടിച്ചെടുക്കേണ്ടത് അവരുടെ ആവശ്യമാണെന്നും ട്രംപ് ആവർത്തിച്ചു.
കൂടുതൽ ഉഗ്രവും വിനാശകരവുമായ ആക്രമണങ്ങൾ ശത്രുവിനെ തേടിയെത്തുമെന്ന് ഇറാൻ തിരിച്ചടിച്ചു. തങ്ങളുടെ സൈനികശേഷിയെക്കുറിച്ച് യു.എസിന് ശരിക്ക് അറിയില്ലെന്നും ശത്രുക്കൾ കീഴടങ്ങുംവരെ യുദ്ധം തുടരുമെന്നും അവർ പ്രതിജ്ഞയെടുത്തു. ഇതോടെ യുദ്ധം ഉടൻ അവസാനിക്കും എന്നതിൽ പ്രതീക്ഷ മങ്ങി.
ട്രംപിന്റെ പ്രഖ്യാപനത്തിനുപിന്നാലെ എണ്ണ വില വീണ്ടും കൂടി. ഓഹരികൾ ഇടിഞ്ഞു. ഇറാനെ സംബന്ധിച്ച സുപ്രധാന വിവരം ട്രംപ് പ്രസംഗത്തിൽ അറിയിക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കുറേ ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ട്രംപ് ആവർത്തിക്കുകയാണ് ചെയ്തത്.
വെടിനിറുത്തൽ ധാരണയിലെത്തിയാൽ മാത്രമേ ഹോർമുസ് സുരക്ഷിതമാക്കാൻ സഹായിക്കൂ എന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട്. അതേ സമയം, ശത്രു രാജ്യങ്ങളുടെ കപ്പലുകളെ വിലക്കാനും മറ്റ് കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും അനുവദിക്കുന്ന ബിൽ ഇറാൻ പാർലമെന്റ് അവലോകനം ചെയ്യുകയാണ്.
# കരയാക്രമണത്തിന്
സജ്ജമാകണം
ശത്രുവിന്റെ നീക്കങ്ങൾ അങ്ങേയറ്റം കൃത്യതയോടെ നിരീക്ഷിക്കണമെന്നും ഏതുതരത്തിലെ ആക്രമണങ്ങളെയും നേരിടാൻ സജ്ജമായിരിക്കണമെന്നും സൈനികർക്ക് ഇറാൻ ആർമി മേധാവി അമീർ ഹതാമിയുടെ നിർദ്ദേശം. യു.എസിന്റെ കരയാക്രമണത്തിന് സാദ്ധ്യതയുള്ളതിനാലാണ് നീക്കം. ശത്രു കരയാക്രമണത്തിന് മുതിർന്നാൽ, അവരെ രക്ഷപെടാൻ അനുവദിക്കരുതെന്നും ഹതാമി ആഹ്വാനം ചെയ്തു.
# 12,300
ഇതുവരെ ഇറാനിൽ യു.എസ് തകർത്ത ലക്ഷ്യസ്ഥാനങ്ങൾ
# 155
ആക്രമിക്കപ്പെട്ട ഇറാനിയൻ കപ്പലുകൾ
ഇന്ത്യക്ക് ആശങ്ക
വേണ്ട: ഇറാൻ
ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ട എന്ന് ഇറാൻ. ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിലാണെന്നും ഭയക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയിലെ ഇറാൻ എംബസി പ്രതികരിച്ചു. ഇന്ത്യയെ പോലുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകളെ ഹോർമുസിലൂടെ കടത്തിവിടുമെന്നാണ് ഇറാന്റെ നിലപാട്.
---------------------------
# സൈനിക ശക്തി എന്ന നിലയിൽ അമേരിക്കയെ തടയാനാവില്ല. അമേരിക്കൻ കുട്ടികൾക്കും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള ഒരു യഥാർത്ഥ നിക്ഷേപം ആണ് യുദ്ധം. ഇറാന്റെ ആക്രമണമോ ആണവ ബ്ലാക്ക്‌മെയിലിംഗോ ഇനി ഭീഷണിയാകില്ല. യു.എസ് ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ സുരക്ഷിതവും, ശക്തവും, സമ്പന്നവുമാകും.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
# ട്രംപിന് വ്യക്തമായ ലക്ഷ്യമില്ല. സഖ്യ കക്ഷികളെ വെറുപ്പിക്കുന്നു. അമേരിക്കൻ ജനതയുടെ ദൈനംദിന പ്രശ്നങ്ങളോട് മുഖംതിരിക്കുന്നു.
- ചക് ഷൂമർ,
ഡെമോക്രാറ്റിക് പാർട്ടി നേതാവ്,
യു.എസ് സെനറ്റ് അംഗം
---------------------------
# ടെഹ്റാനിൽ മെഡി. സെന്ററിന് നേരെ ആക്രമണം
ഇറാനിൽ ടെഹ്റാനെയും പടിഞ്ഞാറൻ നഗരമായ കരാജിനെയും ബന്ധിപ്പിക്കുന്ന പാലം യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ഇസ്ഫഹാനിൽ മിസൈൽ കേന്ദ്രങ്ങൾ തകർത്തു. സ്റ്റീൽ കമ്പനികളിലും ടെഹ്റാനിലെ പ്രശസ്തമായ പാസ്‌ചർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇറാൻ മെഡിക്കൽ റിസേർച്ച് സെന്ററിനും ഗുരുതര നാശനഷ്ടം
ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണശ്രമം തകർത്തു. അബുദാബിയിൽ ഖലീഫ ഇക്കണോമിക് സോൺസിൽ ഡ്രോൺ അവശിഷ്ടം പതിച്ച് നാശനഷ്ടം. ആളപായമില്ല
ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം
ഇറാനെതിരെയുള്ള ആക്രമണത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കണമെന്ന യു.എസിന്റെ ആവശ്യം ഓസ്ട്രിയ തള്ളി
ഹോർമുസ് കടലിടുക്ക് സൈനിക ശക്തിയിലൂടെ തുറക്കുന്നത് പ്രായോഗികമല്ലെന്ന് ഫ്രാൻസ്
ഹോർമുസ് വിഷയത്തിൽ ബ്രിട്ടന്റെ അദ്ധ്യക്ഷതയിൽ 40ലേറെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് വെർച്വൽ യോഗം നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തു
അമേരിക്കൻ ജനതയെ തങ്ങൾ ശത്രുക്കളായി കാണുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
-----
# സൈനികർ രഹസ്യം പരസ്യമാക്കി ?
പശ്ചിമേഷ്യയിലേക്ക് നിയോഗിക്കപ്പെട്ട യുവ യു.എസ് സൈനികരുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. ഇറാൻ യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന കാര്യം ചില സൈനികർ വെളിപ്പെടുത്തിയെന്നും യാത്രാവിവരങ്ങൾ പരസ്യമാക്കിയെന്നും യു.എസിലെ സാൻ ഡിയാഗോയിലെ ഒരു ക്ലബിലെ നർത്തകി വീഡിയോയിലൂടെ അവകാശപ്പെട്ടു. സൈനിക ബേസിന് സമീപമുള്ള ക്ലബ്ബിൽ സൈനികരുടെ വൻ തിരക്കാണെന്നും അവർ ദുഃഖിതരാണെന്നും അടുത്ത ആഴ്ച ഇറാനിലേക്ക് തിരിക്കുമെന്ന് പറഞ്ഞെന്നും നർത്തകി അവകാശപ്പെട്ടു.