പെട്രോളിന് 137 രൂപയും ഡീസലിന് 184 രൂപയും വർദ്ധിപ്പിച്ചു,​ പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ അറ്റകൈ പ്രയോഗം

Friday 03 April 2026 5:58 PM IST

ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് അനുഭവപ്പെടുന്ന ഇന്ധന പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വീണ്ടും വില വർദ്ധന നടപ്പിലാക്കി പാകിസ്ഥാൻ സർക്കാർ. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ സർക്കാ‌ർ വില വർദ്ധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 137.24 രൂപയും ഡീസൽ ലിറ്ററിന് 184.49 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 458.40 രൂപയും ഡീസൽ ലിറ്ററിന് 520.35 രൂപയും ആയി ഉയർന്നു. മണ്ണെണ്ണ വിലയിലും വർദ്ധനയുണ്ട്. ലിറ്ററിന് 34.08 രൂപ വർദ്ധിപ്പിച്ച് 457.80 രൂപയാക്കി.

ലോകത്തിലെ 20 ശതമാനം ഇന്ധനവും കടന്നു പോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് പാകിസ്ഥാനിലെയും ഇന്ധനവിതരണത്തെ ബാധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സബ്‌സിഡി ഇല്ലാതെ അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധന നേരിട്ട് ജനങ്ങളിലെത്തിക്കാൻ പാകിസ്ഥാൻ നിർബന്ധിതരായി. അതേസമയം നേരിയ തോതിൽ ചില സബ്‌സിഡികൾ പാക് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്ക് മാസം പരമാവധി 20 ലിറ്റർ വരെ പെട്രോൾ ലിറ്ററിന് 100 രൂപ സബ്‌സിഡിയിൽ മൂന്നുമാസത്തേക്ക് ലഭിക്കും. ചരക്ക് നീക്കത്തിനും അന്തർ സംസ്ഥാന ബസുകൾക്കും ലിറ്ററിന് 100 രൂപ സബ്‌സിഡി ലഭിക്കും. ഭക്ഷ്യ വസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് 70000 രൂപയുടെ നേരിട്ടുള്ള സഹായവുമാണ് പ്രഖ്യാപിച്ചത്.

നേരത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പലതവണ തള്ളിക്കളഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.