സ്വർണം വിറ്റ് തോക്കുവാങ്ങി; ഉറങ്ങിക്കിടന്ന ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെടിവച്ചുകൊന്നു
ലക്‌നൗ: ബിഎസ്‌എഫ് കോൺസ്റ്റബളിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ബംഗാളിൽ ജോലി ചെയ്‌തിരുന്ന ബിഎസ്‌എഫ് കോൺസ്റ്റിബിൾ നൈൻ സിംഗാണ്(35) കൊല്ലപ്പെട്ടത്. ധൻപൂർ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ധവാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ അയൽവാസികളായ നാലുപേരെ സംശയമുണ്ടെന്നാണ് നൈൻ സിംഗിന്റെ പിതാവ് ഗരീബ് ദാസ് ആദ്യം പരാതിനൽകിയത്. അന്വേഷണത്തിൽ ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. നൈൻ സിംഗുമായി ബന്ധമുള്ളവരുടെ ഫോൺ കോളുകളുൾപ്പടെ പൊലീസ് പരിശോധിച്ചിരുന്നു. അതിൽനിന്നാണ് നൈൻ സിംഗിന്റെ ഭാര്യയായ കോമൾദേവി (32) ഭർത്താവിന്റെ ബന്ധുവായ ഗുൽഷനുമായി സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധം നൈൽസിംഗ് എതിർത്തിരുന്നു. ഇത് ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു.
ചോദ്യം ചെയ്യലിൽ ഗുൽഷൻ കുറ്റം സമ്മതിച്ചു. കോമളിനും മറ്റ് മൂന്ന് കൂട്ടാളികൾക്കുമൊപ്പമാണ് നൈൻ സിംഗിനെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് ഇയാൾ മൊഴി നൽകി. കോമളിന്റെ ആഭരണങ്ങൾ വിറ്റ പണംകൊണ്ടാണ് കൊലപാതകത്തിനാവശ്യമായ തോക്ക് വാങ്ങിയത്. കോമൾ, ഗുൽഷൻ, സഹായികളായ രാഹുൽ, ഗുഡു, മോണ്ടു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു.