ആൺകുട്ടിയെ പ്രസവിച്ചില്ല, മുഹമ്മദ് അസറുദ്ദീൻ കൊലപ്പെടുത്തിയത് ഭാര്യയെയും രണ്ട് മക്കളെയും

Saturday 04 April 2026 10:52 AM IST

ഹനംകൊണ്ട (തെലങ്കാന): തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും യുവാവ് കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് അരുംകൊലകൾ നടത്തിയത്. ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ആൺകുട്ടികൾ ജനിക്കാത്തതിനാൽ പ്രകോപിതനായാണ് അസറുദ്ദീൻ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെൺകുഞ്ഞ് എന്നറിഞ്ഞതോടെ ഗർഭമലസിപ്പിക്കാൻ ഭാര്യയെ പ്രേരിപ്പിച്ചു. അവർ വിസമ്മതിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സി സി ടി വി ഓഫ് ചെയ്തിരുന്നു. അതിനാൽ തെളിവൊന്നും ലഭിക്കില്ലെന്നായിരുന്നു ധാരണ. ഇയാൾ തന്നെയാണ് നീന്തൽക്കുളത്തിന്റെ ഉടമസ്ഥൻ എന്നാണ് റിപ്പോർട്ട്.

രണ്ട് പെൺമക്കൾ ജനിച്ചശേഷം വീണ്ടും രണ്ടുതവണ ഫർഹാത് ഗർഭിണിയായിരുന്നു. അപ്പോഴൊക്കെ നിർബന്ധിച്ച് ഗർഭമലസിപ്പിക്കാൻ +വിധേയയാക്കിയിരുന്നു. ജനിക്കുന്നത് പെൺകുഞ്ഞാവുമെന്ന് സംശയിച്ചായിരുന്നു ഇത്. അപകടമരണമെന്ന് പൊലീസും ഏറക്കുറെ ഉറപ്പിക്കുന്ന ഘട്ടത്തിലാണ് അസറുദ്ദീനെതിരെ സംശയവുമായി ഫർഹാതിന്റെ പിതാവ് പൊലീസിനെ സമീപിച്ചത്. ഇതോടെ ചോദ്യംചെയ്യലിനായി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യമൊന്നും താൻ കാെലനടത്തിയെന്ന് സമ്മതിക്കാൻ അസറുദ്ദീൻ തയ്യാറായില്ല. കൂടുതൽ ചോദ്യംചെയ്തതോടെ അയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.