പാകിസ്ഥാൻ ബന്ധമുള്ള നാല് ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് റെയിൽവേ സ്റ്റേഷനുകളും ഗ്യാസ് ലോറികളും ബോംബുവച്ച് തകർക്കാൻ

Saturday 04 April 2026 11:16 AM IST

ലക്‌നൗ: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് വിവരങ്ങൾ കൈമാറിയിരുന്ന നാലുപേരെ ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) വെള്ളിയാഴ്‌ച പിടികൂടി. റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെ ബോംബ് വച്ച് തകർക്കാനും ഭീകരർ ലക്ഷ്യമിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. പൊതുസ്ഥാപനങ്ങളിലും മറ്റും രഹസ്യനിരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ഭീകരവാദികൾക്ക് കൈമാറാനും ഇവർ പദ്ധതിയിട്ടിരുന്നു.

യുപിയിലുണ്ടായിരുന്ന ഈ സംഘം സോഷ്യൽമീഡിയ വഴി പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘങ്ങളുമായി സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. മീററ്റിൽ താമസിക്കുന്ന സാഖിബ് (ഡെവിൾ) എന്ന 25കാരനാണ് സംഘത്തിലെ പ്രധാന നേതാവ്. ഇയാൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെ അതിർത്തിക്കപ്പുറമുള്ള ഭീകരരുമായി ബന്ധം പുലർത്തിയിരുന്നു. അഫ്‌ഗാനിസ്ഥാനിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് എടിഎസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, രാഷ്‌ട്രീയ നേതാക്കൾ, റെയിൽവേ സിഗ്നൽ സംവിധാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പാകിസ്ഥാൻ ഘടകങ്ങൾക്ക് കൈമാറുകയെന്നതായിരുന്നു സംഘത്തിന്റെ ചുമതല. റെയിൽവേ സിഗ്നൽ ബോക്‌സ് നശിപ്പിക്കുക, ഗ്യാസ് സിലിണ്ടറുകൾ നിറച്ച ലോറികൾക്ക് തീവയ്‌ക്കുക തുടങ്ങിയവയും ഇവരുടെ പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനകംതന്നെ പാകിസ്ഥാൻ ഘടകങ്ങൾക്ക് ഇവർ ദൃശ്യങ്ങൾ ഉൾപ്പടെ കൈമാറിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സോഷ്യൽമീഡിയയിലൂടെയാണ് സംഘത്തിലെ രണ്ടുപേരെ രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.