കാർ കിണറ്റിലേക്ക് മറിഞ്ഞു; കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒൻപതുപേർ മരിച്ചു

Saturday 04 April 2026 11:38 AM IST

നാസിക്ക്: കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ഒൻപതുപേർ മരിച്ചു. ഇതിൽ ആറുപേർ കുട്ടികളാണ്. നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുളള ദിൻഡോരിൽ രാത്രി പതിനാെന്നരയ്ക്കായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ശിവാജി നഗറിലെ ഹാളിൽ നടന്ന ഒരു ചടങ്ങിൽ സംബന്ധിച്ച് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (27), മകൾ രാഖി (10), സഹാേദരി ആശ അനിൽ ദർഗോഡെ (32), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.

കാറിന്റെ മുക്കാൽ ഭാഗത്തോളം കിണറിനുളളിൽ അകപ്പെട്ടിരുന്നു. കിണറ്റിൽ നിറയെ വെള്ളവുമുണ്ടായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. കൂറ്റൻ ക്രെയിനും സ്ഥലത്തെത്തിച്ചിരുന്നു. മണിക്കൂറുകളെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്.അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. കാറിൽ നിന്ന് ഒരുകുട്ടി തെറിച്ച് വെള്ളത്തിൽ വീണുവെന്നാണ് കരുതുന്നത്. ഈ കുട്ടിയെ കണ്ടുപിടിക്കാനുളള ശ്രമം തുടരുകയാണ്.

രാത്രിയിൽ കിണർ തിരിച്ചറിയാൻ ഡ്രൈവർക്ക് കഴിയാത്തതാകാം അപകടകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കിണറിനുള്ളിൽ ഞെരുങ്ങിയ അവസ്ഥയിലായിരുന്നു കാർ. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.