കാസർകോട്ട് ആറ് വയസുകാരനെ മർദിച്ച സംഭവം; രണ്ടാനച്ഛൻ ചെയ്തത് സമാനതകളില്ലാത്ത കൊടുംക്രൂരത

Saturday 04 April 2026 2:45 PM IST

കാസർകോട്: ആറ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛനായ ഷൗക്കത്തിൽ നിന്നും താൻ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി വ്യക്തമാക്കുന്നു. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ അമർത്തി വച്ച ശേഷം മറുഭാഗത്തെ കവിളിൽ ശക്തിയായി അടിക്കുകയാണ് പ്രതിയുടെ രീതി.

കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും, നിലത്ത് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടി നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു മർദ്ദനം. ഉറങ്ങിക്കിടക്കുമ്പോൾ പോലും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലടക്കം മർദ്ദനമേറ്റതിന്റെ പാടുകൾ രൂപപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ കാസർകോട് പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. പ്രതിക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നതായും വധശ്രമത്തിന് കേസെടുക്കേണ്ട സ്ഥാനത്ത് നിസാര വകുപ്പുകളാണ് ചാർജ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ലീഗൽ സർവീസസ് അതോറിറ്റി സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.