'ഞാൻ കാരണം ആ സിനിമയ്‌ക്ക് പ്രൊമോഷൻ കിട്ടരുതെന്ന് കരുതി, അത്തരം സിനിമകൾ പരാജയപ്പെടണം'

Saturday 04 April 2026 3:37 PM IST

ആരാധകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പള്ളിച്ചട്ടമ്പി തിയേറ്റർ റിലീസിനെത്തുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും പുരോഗമിക്കുന്നുണ്ട്. അതിൽ കഴിഞ്ഞദിവസം ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ പരിപാടി സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായി. മാദ്ധ്യമപ്രവർത്തകരിലൊരാൾ കേരളസ്റ്റോറി 2നെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

കേരളസ്റ്റോറിയുടെ ആദ്യഭാഗം റിലീസായ സമയത്ത് അതിനെതിരെ പോസ്റ്റിട്ട ടൊവിനോ എന്തുകൊണ്ട് രണ്ടാം ഭാഗത്തിനെതിരെ ഒന്നും സംസാരിച്ചില്ല എന്നതായിരുന്നു ചോദ്യം. മലയാളസിനിമയിൽ ആരും ആ സിനിമയ്‌ക്കെതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മാദ്ധ്യമപ്രവർത്തകൻ ചോദിച്ചു. ആദ്യഭാഗം റിലീസായ സമയത്ത് അത്തരമൊരു പോസ്റ്റ് പങ്കുവയ്‌ക്കേണ്ടത് തന്റെ കടമയായിരുന്നെന്നാണ് ടൊവിനോ പ്രതികരിച്ചത്.

'എന്റെ നാടിന്റെ കഥ ഇങ്ങനെയല്ലെന്ന് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് കേരളസ്റ്റോറിക്കെതിരെ അങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചത്. പക്ഷേ, രണ്ടാം ഭാഗത്തിന് അത് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെയൊരു സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞതുകൊണ്ട് അതിന് പ്രൊമോഷൻ കിട്ടണ്ടെന്ന് തന്നെ കരുതി. ഇപ്പോഴാ സിനിമയുടെ അവസ്ഥ നോക്കൂ. ആരും കാണാതെ ആ പടം ഫ്ലോപ്പായി. അത്തരം സിനിമകൾ പരാജയപ്പെടുകയാണ് വേണ്ടത്. വെറുതെ എന്തിനാ നമ്മൾ കാരണം ആ സിനിമ ഹിറ്റാകുന്നത്'- ടൊവിനോ തോമസ് പറയുന്നു.