വീട്ടിൽ വോട്ട് ചെയ്തത് 15681 പേർ

Sunday 05 April 2026 1:11 AM IST

കോട്ടയം: അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് സൗകര്യം ജില്ലയിൽ പ്രയോജനപ്പെടുത്തിയത് 15681 പേർ. ഒൻപത് നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,210 പേരാണ് ഈ വിഭാഗത്തിൽ വോട്ട് ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്.മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പൊലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി സജ്ജീകരിച്ചത്. ഇവർ ബി.എൽ.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിർത്തി വോട്ട് രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു. വോട്ട് രേഖപ്പെടുത്തി പോളിംഗ് സംഘത്തിന്റെ പക്കലുള്ള പെട്ടിയിൽ നിക്ഷേപിച്ച ബാലറ്റുകൾ അതതു ദിവസം റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.