മാലിന്യക്കൊട്ടയിൽ തള്ളിയ ടിക്കറ്റിന് ഒന്നാംസമ്മാനം
എടത്വാ: പെസഹാ ദിനത്തിൽ കുഞ്ഞ് അച്ചാമ്മയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് അച്ചാമ്മയ്ക്ക് ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5000 രൂപയും ലഭിച്ചു. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജംഗ്ഷന് സമീപം പെട്ടിക്കട നടത്തുന്ന തലവടി പഞ്ചായത്ത് 15-ാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മ കോതപ്പുഴശ്ശേരി ജോർജുകുട്ടിയിൽ നിന്നാണ് രണ്ട് ടിക്കറ്റുകൾ വാങ്ങിയത്. വ്യാഴാഴ്‌ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റിന്റെ നമ്പർ പരിശോധിച്ചപ്പോൾ 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത്. ഒന്നാംസമ്മാനത്തിന് അർഹമായ ടിക്കറ്റ് ചുരുട്ടി ഉപേക്ഷിച്ചിരുന്നു. ഒന്നാം സമ്മാനം അടിച്ച വിവരം സഹോദരൻ അറിയിച്ചതിനെ തുടർന്ന് രാത്രിയിൽ ഇരുവരും കടയിലെത്തി ലോട്ടറി ടിക്കറ്റ് തപ്പിയപ്പോൾ മാലിന്യത്തൊട്ടിയിൽ നിന്ന് കണ്ടെത്തി.