സ്ഥാനാർത്ഥികൾ വെള്ളവും ചോദിക്കും !
ആലപ്പുഴ: സംസ്ഥാനത്ത് ചൂട് കനത്തതോടെ സ്ഥാനാർത്ഥികൾ ശരിക്കും വെള്ളംകുടിച്ചു തുടങ്ങി. അവസാന ലാപ്പിൽ പരമാവധി ആളുകളെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിനിടെ ആളുകൾ ഇളനീരും നാരങ്ങ വെള്ളവുമൊക്കെ നൽകി സ്ഥാനാർത്ഥികളെ ഉഷാറാക്കുന്നുണ്ടെങ്കിലും കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കാതെ ശ്രദ്ധിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. കനത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നു.
പ്രചാരണത്തിനിടെ എപ്പോഴും കൈയിൽ കുപ്പി കുടിവെള്ളം കരുതണം. ദാഹമില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം. രാവിലെ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കണം.
വലിയ പൊതുയോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ, റോഡ്‌ഷോകൾ, സ്ഥാനാർത്ഥി പര്യടനങ്ങൾ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സജ്ജമാക്കുന്നതാണ് നല്ലത്. പകൽ സമയത്തെ പൊതുയോഗങ്ങൾ കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കാനും തണൽ, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സംഘാടകർ ശ്രദ്ധിക്കണം.
വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതൽ സമയം നീണ്ടുപോകുകയും ചെയ്യുന്ന പൊതുയോഗങ്ങളിൽ ചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലൻസും ഒരുക്കേണ്ടതാണ്.
പകൽ ചായയും കാപ്പിയും വേണ്ട
# നിർജലീകരണത്തിന് കാരണമാകുന്ന കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം പരമാവധി ഒഴിവാക്കുക. ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
#കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
# വേനൽമഴയോടൊപ്പം ഇടിമിന്നലുള്ള സമയത്ത് പൊതുപരിപാടികൾ തുടരുകയോ മൈക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം.
എമർജൻസി
ഓപ്പറേഷൻസ്
സെന്റർഫോൺ : 1077