പാറശാലയിൽ പര്യടനത്തിരക്ക്

Sunday 05 April 2026 3:23 AM IST

പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ഗിരീഷ് നെയ്യാർ ശനിയാഴ്ച ഉച്ചവരെ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ ഭവന സന്ദർശനം നടത്തി.വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച റോഡ് ഷോയിലും മറ്റ് പരിപാടികളിലും പങ്കെടുത്തു.ഇന്ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വാഹന പര്യടനത്തിനുശേഷം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുക്കും.

യു.ഡി.എഫ് സ്ഥാനാർത്ഥി നെയ്യാറ്റിൻകര സനൽ ഇന്നലെ രാവിലെ കള്ളിക്കാട് പഞ്ചായത്തിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ഉച്ചയ്ക്കുശേഷം പാറശാല പഞ്ചായത്തിൽ തുടർന്ന പര്യടനം വൈകിട്ടോടെ സമാപിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ഹരീന്ദ്രൻ ഇന്നലെ കള്ളിക്കാട്,ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെത്തി നാട്ടുകാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. സഹപ്രവർത്തകരും മറ്റും അനുഗമിച്ചു.