"യുദ്ധമല്ല, സമാധാനം" ജനസമക്ഷം ഉണ്ണിക്കൃഷ്ണൻ
- സൈക്കിളിൽ ഏകാംഗയാത്രയുമായി ഒരു വക്കീൽ
മാള: ലോകം യുദ്ധഭീതിയിൽ വിറക്കുന്ന കാലഘട്ടത്തിൽ ' നോ വാർ... ബട്ട് പീസ് ' എന്ന കാലികപ്രസക്തമായ സന്ദേശവുമായി മാളക്കടത്ത് പൂപ്പത്തി വൈലോപ്പിള്ളി വീട്ടിൽ അഡ്വ.ഉണ്ണിക്കൃഷ്ണൻ സൈക്കിളിൽ ഏകാംഗ യാത്രയിലാണ്. ജന്മദിനമായ ശനിയാഴ്ച രാവിലെ 8.30ന് മാള സെന്ററിൽ നിന്ന് തുടക്കമിട്ട ഈ യുദ്ധവിരുദ്ധ സന്ദേശ യാത്ര ചാലക്കുടി വഴി സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലേക്കാണ് നീണ്ടത്. ലോകത്തിന് സമാധാനമാണ് വേണ്ടതെന്നും യുദ്ധം മനുഷ്യകുലത്തിന് നാശം വിതയ്ക്കുന്നതാണെന്നും വ്യക്തമാക്കിയാണ് ഈ യാത്ര. മുൻപും സാമൂഹിക വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്തിയ ആളാണ് ഉണ്ണിക്കൃഷ്ണൻ. ഗുജറാത്ത് പ്രകൃതി ദുരന്തസമയത്ത് ഫണ്ട് ശേഖരണ പ്രവർത്തനം നടത്തി. കൂടാതെ മാളയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെയും സമരം നടത്തി. യാത്രയ്ക്കിടെ നിരവധി പേർ അദ്ദേഹത്തെ പിന്തുണയ്ക്കാനെത്തി. മറ്റ് ചിലർ വഴിയരികിൽ നിന്ന് കൈയടിച്ച് പ്രോത്സാഹനം നൽകി. ചാലക്കുടിയിലെത്തിയപ്പോൾ ബാർ അസോസിയേഷൻ അദ്ദേഹത്തിന് സ്വീകരണം നൽകി. അഡ്വ.തോമസ് വേഴപ്പറമ്പിൽ, അഡ്വ.എം.കെ.റോയ്, അഡ്വ.എം.പി.ആന്റണി, അഡ്വ.സേവ്യർ, അഡ്വ.സി.ഐ.വർഗീസ്, അഡ്വ.ഷിബു ദാമോദരൻ, അഡ്വ.കുഞ്ഞുമോൻ കെ.കണ്യാടത്ത്, അഡ്വ.സുനിൽബിന്ദു എന്നിവർ ചേർന്ന് ചാലക്കുടി കോടതിക്ക് സമീപം ഹൃദ്യമായ സ്വീകരണം നൽകി. യാത്ര ജില്ലാ കോടതിയിൽ സമാപിച്ചു.