യുവതിയെ ശല്യം ചെയ്തയാളെ കൊലപ്പെടുത്തി ജയന് തോക്ക് ലഭിച്ചത് ഗുജറാത്തിൽ നിന്ന്
മുംബൈ: മഹാരാഷ്ട്രയിൽ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയയാളെ വെടിവച്ചുകൊന്ന മലയാളിയായ ജയൻ ശിവാനന്ദൻ നായർക്ക് തോക്ക് ലഭിച്ചത് ഗുജറാത്തിൽ നിന്നെന്ന് മൊഴി.ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്ന സമയത്ത് വഴിയരികിൽ കിടന്ന ബാഗിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നാണ് വിവരം.ജയൻ ഷാർപ് ഷൂട്ടറാണെന്നാണ് പൊലീസ് നിഗമനം.പരിശീലനം ലഭിച്ചവർക്ക് മാത്രമേ ഇത്ര കൃത്യതയോടെ വെടിവയ്ക്കാനാകൂവെന്നും പൊലീസ് പറയുന്നു.
മുംബ്ര കൈലാസ് നഗർ സുമതിഭായ് ചവാൻ ഹിന്ദി പ്രൈമറി സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെ 11:30നാണ് സംഭവം.സ്‌കൂളിലെ താത്കാലിക ജീവനക്കാരിയാണ് യുവതി.സ്‌കൂൾ വളപ്പിലെ ഒരു വാഴ മുറിച്ചതിനെച്ചൊല്ലി യുവതിയും യുവാക്കളും തർക്കത്തിലേർപ്പെട്ടെന്നാണ് ലഭിച്ച ആദ്യം വിവരം.
എന്നാൽ ഏറെനാളുകളായി യുവതിയെ മൂവർസംഘം പിന്തുടരുന്നുണ്ടായിരുന്നു.ലൈംഗികാതിക്രമത്തിനും ശ്രമിച്ചു.പ്രതികൾ ശല്യപ്പെടുത്തുന്നതിനെക്കുറിച്ച് യുവതി ജയനോട് പരാതിപ്പെട്ടിരുന്നു.
സംഭവ ദിവസം യുവതിയെ വഴിയിൽ തടഞ്ഞുനിറുത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ ജയൻ യുവാക്കൾക്കുനേരെ വെടിയുതിർത്തു.അക്ബർ അബ്ദുൾ ഷെയ്ഖ്,അക്ബർ ഹസൻ ഷെയ്ഖ്,സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്.അതിൽ അക്ബർ അബ്ദുൾ ഷെയ്ഖാണ് കൊല്ലപ്പെട്ടത്.ജയനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.യുവതിക്കെതിരെയും കേസെടുത്തു.
വീട് കൊല്ലത്ത്
കുടുംബവീട് കൊല്ലത്താണെന്നും ഏറെക്കാലം കൊൽക്കത്തയിലായിരുന്നെന്നും ജയൻ മൊഴി നൽകി.മുൻ സൈനികനാണെന്നും വിവരമുണ്ട്.ഒമ്പതാമത്തെ വയസിൽ മാതാപിതാക്കളെ നഷ്ടമായി.യുവതിയുടെ വീട്ടുകാരാണ് വളർത്തിയത്.ആ കുടുംബത്തോട് വലിയ ആത്മബന്ധമുണ്ട്.സഹോദരിയുടെ സ്ഥാനത്തുള്ളയാളെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നും ജയൻ പറയുന്നു.