ആൺകുട്ടി വേണം ഗർഭിണിയായ ഭാര്യയെയും മക്കളേയും മുക്കിക്കൊന്നു
ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺമക്കളേയും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.
ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ആസൂത്രിക കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ഫർഹാത് (26) മക്കളായ ഉമേറ (8), അയിഷ (6) എന്നിവരെയാണ് ബുധനാഴ്ച രാത്രി നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാറങ്കൽ-കമ്മം ദേശീയപാതയിൽ വാടകയ്ക്ക് നൽകാറുള്ള ഇവരുടെ തന്നെ നീന്തൽക്കുളമാണിത്. ഉമേറയുടെ ജന്മദിനമായ ബുധനാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഫർഹാതും മക്കളും ഇവിടെയെത്തി. പിന്നീട് വെള്ളത്തിൽ ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാൽവഴുതി വീണതാണെന്നാണ് ഭർത്താവ് അസ്ഹറുദ്ദീൻ പൊലീസിനോട് പറഞ്ഞത്. മൊഴിയിൽ വൈരുദ്ധ്യമുണ്ടായതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.
അസ്ഹറുദ്ദീനും ഫർഹാതും പ്രണയിച്ച് വിവാഹിതരായവരാണ്. മകൻ വേണമെന്ന് പറഞ്ഞ് അസ്ഹറുദ്ദീൻ നിരന്തരം വഴക്കിട്ടിരുന്നു.
മൂന്നാമത്തേതും പെൺകുഞ്ഞാണെന്ന് അസ്ഹറുദ്ദീൻ അറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു. ഭാര്യ തയാറാകാതിരുന്നതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അസ്ഹറുദ്ദീന്റെ മൊബൈൽഫോണും സി.സി ടിവി ക്യാമറ പരിശോധിച്ചുമാണ് തെളിവുകൾ കണ്ടെത്തിയത്. പ്രതിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.