പ്രചാരണത്തിനും എക്‌സിറ്റ് പോളുകൾക്കും വിലക്ക്
Sunday 05 April 2026 12:32 AM IST
തൃശൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിശബ്ദ പ്രചാരണ കാലയളവിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ സമയത്ത് ടെലിവിഷൻ, റേഡിയോ, കേബിൾ നെറ്റ്‌വർക്കുകൾ തുടങ്ങി ഏതെങ്കിലും മാദ്ധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദിക്കില്ല. അഭിപ്രായ സർവേയ്ക്കും വിലക്കുണ്ട്. ഏപ്രിൽ ഏഴിന് വൈകിട്ട് ആറ് മുതൽ ഏപ്രിൽ ഒൻപതിന് വൈകിട്ട് ആറ് വരെയാണ് നിയന്ത്രണം. ഒമ്പതിന് രാവിലെ ഏഴ് മുതൽ ഏപ്രിൽ 29ന് വൈകിട്ട് 6.30 വരെ എക്‌സിറ്റ് പോളുകളും അവയുടെ ഫലങ്ങളും പ്രസിദ്ധീകരിക്കരുത്. ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.