32 വർഷത്തെ ദാമ്പത്യം; പത്തുവർഷം മുൻപ് ലിസിയുമായി ബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

Sunday 05 April 2026 12:56 PM IST

പത്ത് വർഷങ്ങൾക്കുമുൻപ് നടി ലിസിയുമായി വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ദാമ്പത്യജീവിതത്തിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാൻ തീരുമാനിച്ചതെന്ന് പ്രിയദർശൻ തുറന്നുപറഞ്ഞു. വർഷങ്ങൾക്കിപ്പുറം പരസ്‌പരം മിസ് ചെയ്‌തപ്പോഴാണ് വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ പറഞ്ഞു. ഫിലിം ഫെയറിനുനൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കുടുംബജീവിതത്തെക്കുറിച്ച് മനസുതുറന്നത്.

'മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അത് കുറച്ചുകടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്‌പരം മിസ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു. അത്രേയുള്ളു. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.'- പ്രിയദർശൻ പറഞ്ഞു.

പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 1990 ൽ വിവാഹിതരായ ഇരുവരും 2016ലാണ് ബന്ധം വേർപെടുത്തിയത്. പത്ത് വർഷത്തെ വേർപിരിയലിനുശേഷം വീണ്ടും ലിസിയുമായി ഒന്നിച്ച് താമസിക്കാൻ തുടങ്ങിയ വിവരം അടുത്തിടെയാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. മിഡ് ഡേ പത്രത്തിനുനൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശന്റെ വെളിപ്പെടുത്തൽ.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയതുമുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൈകോർത്ത് പിടിച്ചാണ് രണ്ടുപേരും വിവാഹവേദിയിലേക്ക് കയറിയത്. ഇതിനുപിന്നാലെ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രം പുറത്തുവന്നിരുന്നു.