അവസാനകാലത്ത് വീട്ടു തടങ്കലിൽ, കരുണാനിധിയുടെ പേരിൽ സ്റ്റാലിൻ ഇ.പി.എസ് പോര്
ചെന്നൈ: മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരിലുള്ള പോരാണ് തമിഴ്നാട്ടിലിപ്പോൾ.
അവസാന കാലത്ത് കരുണാനിധിയെ വീട്ടുതടങ്കലിലാക്കിയിരുന്നുവെന്ന ആരോപണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് അണ്ണാ ഡി.എം.കെ. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ കരുണാനിധിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി ശനിയാഴ്ച പറഞ്ഞിരുന്നു.
അണ്ണാ ഡി.എം.കെ നേതാവിന് തനിക്ക് പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയാൻ അധികാരമോ അവകാശമോ ഇല്ലെന്ന് ഡി.എം.കെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും മറുപടി നൽകി.
സമൂഹ മാദ്ധ്യമങ്ങളിൽ ഡി.എം.കെ നേതാവ് എ.രാജയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ സ്റ്റാലിൻ തന്റെ പിതാവിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായി പറയുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പ് ചൂണ്ടിക്കാട്ടിയാണ് ആരോപണവും പ്രതിരോധവും.
സ്റ്റാലിന്റെ മറുപടി വന്നതിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ 'മിസ്റ്റർ സ്റ്റാലിൻ, നിങ്ങളുടെ കോപം എന്റെ മേൽ പ്രകടിപ്പിക്കരുത്. വൈറലായ ഓഡിയോ പുറത്തിറക്കിയ നിങ്ങളുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ എ.രാജയുടെ നേരെ അത് തിരിച്ചുവിടുക" എന്ന് തിരിച്ചടിച്ചു.'രാജ വെളിപ്പെടുത്തിയത് ഞാൻ ആവർത്തിച്ചു. തന്റെ പിതാവിനെ വീട്ടുതടങ്കലിലാക്കിയെന്ന സ്റ്റാലിന്റെ മൂത്ത സഹോദരൻ അഴഗിരിയുടെ ആരോപണവും എടപ്പാടി എടുത്തുകാട്ടി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാ ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയുടെ 2016 ലെ മരണത്തെക്കുറിച്ചും അവരുടെ 75 ദിവസത്തെ ആശുപത്രി വാസത്തെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിടുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി പളനിസ്വാമി ഇങ്ങനെ അഭിപ്രായപ്പെട്ടു, 'മുൻ മുഖ്യമന്ത്രിയുടെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് നിങ്ങൾ പറഞ്ഞു. കരുണാനിധി ഒരു മുൻ മുഖ്യമന്ത്രി കൂടിയായിരുന്നു.'
പ്രചാരണയോഗങ്ങളിൽ ശ്രദ്ധകിട്ടാനാണ് ഇ.പി.എസ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നാണ് ഡി.എം.കെ പറയുന്നത്.
ഓഡിയോ ക്ലിപ്പ് തന്റേതല്ല. എ.ഐ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണ്.
പുറത്തുവിട്ട യുട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കും
-എ.രാജ