ഹോർമുസിൽ നിർണായക തീരുമാനവുമായി ഇറാൻ,​ യുദ്ധത്തിലുണ്ടായ നഷ്ടം നേരിടാൻ പുതിയ തന്ത്രം

Sunday 05 April 2026 9:59 PM IST

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് പണം ഈടാക്കുന്നത് നിയമ വിധേയമാക്കാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. യുദ്ധത്തിൽ നേരിട്ട നഷ്ടം ഇതുവഴി ഈടാക്കാനാണ് പദ്ധതിയെന്ന് ഇറാൻ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർത്തെറിയുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ ഇറാനെ ബോംബിട്ട് നരകമാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സമാധാന കരാറിലെത്താനും ഹോർമുസ് തുറക്കാനും ഇറാന് അനുവദിച്ചിരുന്ന പത്ത് ദിവസത്തെ സമയ പരിധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് പരിധിവിട്ട് രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്.

എന്നാൽ സൈനിക നടപടി തീവ്രമായാൽ മേഖലയെ ഒട്ടാകെ നരകമാക്കുമെന്നാണ് ഇറാന്റെ വെല്ലുവിളി. ഖുസെസ്താനിൽ രണ്ട് പെട്രോകെമിക്കൽ കേന്ദ്രങ്ങളിൽ യു.എസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ അതിശക്തമായ വ്യോമാക്രമണങ്ങളാണ് ഇറാൻ ഇന്ന് നടത്തിയത്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കേന്ദ്രങ്ങളിൽ വ്യാപക ഡ്രോണാക്രമണവും തീപിടിത്തവുമുണ്ടായി. യു.എ.ഇയിലെ അബുദാബിയിസെ ബൊറൂഷ് പെട്രോകെമിക്കൽസ് പ്ലാന്റിലും ബഹ്രൈനിൽ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും ബാപ്‌കോ എനർജീസിന്റെയും കേന്ദ്രങ്ങളിലും തീപിടിത്തം നാശംവിതച്ചു.