അരൂരിൽ കത്തിക്കയറി പ്രചാരണം
തുറവൂർ: പരസ്യപ്രചരണം അവസാനിക്കാൻ രണ്ടു നാൾ മാത്രം ബാക്കി നിൽക്കെ, അരൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചാരണം ആവേശത്തിലായി. എല്ലാ സ്ഥാനാർത്ഥികളും ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്ത് നിറഞ്ഞുനിൽക്കുകയാണ്.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഷാനിമോൾ ഉസ്മാന്റെ പ്രചാരണാർത്ഥം വടകര എം.പി ഷാഫി പറമ്പിൽ നയിച്ച റോഡ് ഷോ അരൂക്കുറ്റി മേഖലയെ ആവേശത്തിലാഴ്ത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയോടൊപ്പം നടത്തിയ റോഡ് ഷോയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. രാവിലെ കുട്ടൻചാലിൽ നിന്ന് ആരംഭിച്ച സ്വീകരണപരിപാടി ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി വി. എച്ച്. സത്യജിത് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നടന്നു. ഉച്ചയ്ക്കുശേഷം അരൂക്കുറ്റിയിൽ റോഡ് ഷോ നടത്തി. യു.ഡി.എഫ് നേതാക്കളായ ഫസലുദ്ദീൻ, പി. ടി. രാധാകൃഷ്ണൻ, എം. ആർ. രാജേഷ്, കെ. ഉമേശൻ, വി. കെ. അമ്പർശൻ എന്നിവർ പങ്കെടുത്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ദലീമയുടെ പ്രചാരണവും വ്യാപകമായി തുടരുകയാണ്. അരൂർ മുക്കം ഫിഷർമെൻ കോളനിയിൽ നിന്ന് ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങൾ കനകക്കുന്ന് ക്ഷേത്രോത്സവ ചടങ്ങുകളിലേക്കും വിവിധ ഭവന സന്ദർശനങ്ങളിലേക്കും വ്യാപിച്ചു. പള്ളിപ്പുറം, തൃച്ചാറ്റുകുളം, അരൂക്കുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ പരിപാടികളിലും മരണവീടുകളിലും പങ്കെടുത്ത ദലീമ, ഒടമ്പള്ളിയിൽ നിന്ന് പെരുമ്പളം കവല, വടുതല ജെട്ടി വഴി പെരുമ്പളം പാലം വരെ നടത്തിയ കാൽനട ജാഥയിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ജാഥ ശ്രദ്ധേയമായി.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി.എസ്. ജ്യോതിസിന്റെ പ്രചാരണ പരിപാടികളും ശക്തമായി മുന്നേറി. ആരൂക്കുറ്റി, പൂച്ചാക്കൽ, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, തുറവൂർ തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. കൂടാതെ സ്ത്രീകളുടെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വനിതാ റാലി ശ്രദ്ധേയമായി. എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തുകയും കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരിന്തലേ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്ത്രീകളുടെ സജീവ സാന്നിധ്യം പ്രചാരണത്തിന് കൂടുതൽ ഊർജം പകർന്നു.