സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചു: പുതുക്കാട് തിരഞ്ഞെടുപ്പിന് ശേഷം
പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് മേൽപ്പാലം, നന്തിക്കര, മരത്താക്കര, നടത്തറ എന്നിവിടങ്ങളിലെ അടിപ്പാതകൾ എന്നിവയുടെ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. നെല്ലായി കൊളത്തൂരിൽ നിന്നും നടത്തറയിലുമാണ് ആദ്യഘട്ടമായി സർവീസ് റോഡ് നിർമ്മാണം ആരംഭിച്ചത്. കൊളത്തൂരിൽ നിന്നും നെല്ലായിയിലെ നിലവിലുള്ള സർവിസ് റോഡുകൾ വരെ ഇരുവശത്തും പുതുതായി സർവീസ് റോഡുകൾ നിർമ്മിക്കും. കൊളത്തൂർ സെന്ററിലെ യൂ ടേൺ അടച്ചതോടെ ദേശീയ പാതക്കിരുവശത്തേക്കും സഞ്ചരിക്കുന്നതിന് എറെ ബുദ്ധിമുട്ടായി. ഇതോടെ കൊളത്തൂർ ഭാഗത്ത് സർവീസ് റോഡുകൾ നിർമ്മിക്കണമെന്ന നാട്ടുകാരുടെ മുറവിളി ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പുതുക്കാട് സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിക്കുക. പുതുക്കാട് ദേശീയ പാതയുടെ കിഴക്കുവശത്ത് പഞ്ചായത്ത് ഓഫീസ് മുതൽ മുപ്ലിയം റോഡ് ജംഗ്ഷൻ വരെയാണ് പ്രധാനമായി സർവീസ് റോഡ് നിർമ്മിക്കുക. മുപ്ലിയം റോഡ് ജംഗ്ഷൻ മുതൽ കുറുമാലി പാലം വരെയും പാലം മുതൽ കുറുമാലി ജംഗ്ഷൻ വരെയും ഇരുവശത്തും സർവീസ് റോഡുകൾ നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തികരിച്ച ശേഷമായിരിക്കും പുതുക്കാട് മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുക. റോഡിന് ഇരുവശത്തുമുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റുക, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. നിലവിൽ സർവീസ് റോഡുകൾ ഉള്ളിടത്ത് ഡ്രൈനേജ് സംവിധാനം പുനർനിർമ്മിക്കും. സർവീസ് റോഡുകളുടെ അതേ ഉയരത്തിലാവും ഡ്രൈനേജിന് മുകളിലെ സ്ലാബുകൾ. ഇതോടെ സർവീസ് റോഡുകളുടെ വീതി വർദ്ധിക്കും.