നാഗര,കാലൻകാവ് മേഖലയിൽ താണ്ഡവമാടി കാട്ടുപോത്തുകൾ

Monday 06 April 2026 1:55 AM IST

വിതുര: തൊളിക്കോട്,നന്ദിയോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നാഗര, ഭദ്രംവച്ചപാറ,കാലൻകാവ്,കടുവാച്ചിറ,പൊരിയക്കാട് മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം വർദ്ധിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ നാഗര ഭദ്രംവച്ചപാറ ബൈജുവിന്റെ പുരയിടത്തിലിറങ്ങിയ കാട്ടുപോത്തുകൾ റബർ തൈകൾ നശിപ്പിച്ചു. ഒന്നര ഏക്കർ പുരയിടത്തിൽ കൃഷി നടത്തിയിരുന്ന 3 വർഷം പഴക്കമുള്ള റബറാണ് നശിപ്പിച്ചത്. മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി. വനത്തോട് ചേർന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങുന്ന അവസ്ഥയാണ്. പകൽ സമയങ്ങളിലും കാട്ടുപോത്തുകൾ എത്തുന്നുണ്ട്.

കാട്ടുമൃഗശല്യം ചൂണ്ടിക്കാട്ടി കർഷകർ നന്ദിയോട്,തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയുണ്ട്.

കാട്ടാനശല്യവും

നാഗര,കാലൻകാവ് മേഖലയിൽ കാട്ടാനകളും പന്നിശല്യവുമുണ്ട്. കാലൻകാവ് മേഖലയിൽ കരടി ശല്യവുമുണ്ട്. കാട്ടാനശല്യത്തിന് തടയിടുവാനായി ഇവിടെ ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ‌ വനംവകുപ്പിനും പഞ്ചായത്തിലും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.