മീസിൽസ് വ്യാപനം: വാക്‌സിനേഷൻ തുടങ്ങി ബംഗ്ലാദേശ്
Monday 06 April 2026 7:23 AM IST
ധാക്ക: രാജ്യത്ത് മീസിൽസ് (അഞ്ചാംപനി) രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് ലക്ഷത്തിലേറെ കുട്ടികൾക്കായി അടിയന്തര വാക്സിനേഷൻ ക്യാമ്പെയ്ന് തുടക്കമിട്ട് ബംഗ്ലാദേശ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ സംഭവിച്ച 17 മരണങ്ങളാണ് മീസിൽസ് മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്. 113 മരണങ്ങളും 7,500ലേറെ കേസുകളും മീസിൽസ് മൂലമാണെന്ന് സംശയിക്കുന്നു. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ. 18 ഹൈ-റിസ്ക് ജില്ലകളിലാണ് ആദ്യഘട്ട വാക്സിനേഷൻ. ആറ് മാസം മുതൽ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് മുൻഗണന. പലയിടങ്ങളിലും ആശുപത്രികൾ രോഗികളാൽ നിറഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്തെ 64 ജില്ലകളിൽ 56 എണ്ണത്തിലും രോഗവ്യാപനം സംഭവിച്ചെന്നാണ് കണ്ടെത്തൽ.