'പാകിസ്ഥാന് ഒരു പങ്കുമില്ല, അവർ  ആഗ്രഹിച്ചത് മറ്റൊന്ന്'; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് ഇറാൻ

Monday 06 April 2026 11:00 AM IST

പാട്ന: ഇറാൻ - യുഎസ് ചർച്ചകൾ പാകിസ്ഥാന്റെ നേതൃത്വത്തിൽ നടന്നെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. വാർത്ത ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇലാഹി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള എണ്ണവിലയെ സ്വാധീനിക്കാനാണ് ഇത്തരം അവകാശവാദങ്ങൾ കൊണ്ട് പാകിസ്ഥാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പാകിസ്ഥാന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. യുഎസും ഇറാനും തമ്മിൽ പാകിസ്ഥാൻ വഴി ചർച്ച നടന്നെന്നത് ശരിയല്ല. കാരണം, സംസാരിച്ച് എണ്ണവില പിടിച്ചുനിർത്താനാണ് അവർ ആഗ്രഹിച്ചത്. ചർച്ചകളിലോ ഒത്തുതീർപ്പുകളിലോ ഒന്നിനും പാകിസ്ഥാന് തീരെ ഗൗരവമില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയാറാണെന്ന് അവർ വിളിച്ചുപറഞ്ഞെങ്കിലും അതൊന്നും സത്യമായിരുന്നില്ല. ഇറാനിനെതിരെ അവരാണ് യുദ്ധം ആരംഭിച്ചത്. ഇറാൻ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ലോക നേതാക്കളും ഒത്തുചേർന്ന് ഈ യുദ്ധത്തിന്റെ തുടക്കക്കാരോട് ഇത് നിർത്താൻ ആവശ്യപ്പെടണം'- ഇലാഹി പറഞ്ഞു.

സമാധാന ശ്രമങ്ങളിൽ ഇന്ത്യയ്ക്ക് ഒരു പങ്ക് വഹിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും ക്രിയാത്മകമായി സംഭാവന നൽകാൻ കഴിയുമെന്നും ഇലാഹി വ്യക്തമാക്കി. സംഘർഷത്തിന്റെ അവസാനം യുഎസിനെയും ഇസ്രായേലിനെയും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഇറാൻ പരമോന്നച നേതാവ് അലി ഖമനയിയുടെ അനുശോചന ചടങ്ങുമായി ബന്ധപ്പെട്ട് നിലവിൽ പാട്നയിലാണ് അബ്ദുൾ മജിദ് ഹക്കീം ഇലാഹി.