തമിഴ്‌നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡി മരണം;​ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ

Monday 06 April 2026 7:04 PM IST

മധുര: തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജിന്റെയും മകൻ ജെ ബെനിക്സിന്റെയും കസ്റ്റഡി മരണത്തിൽ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ. മധുര ജില്ലാ കോടതിയാണ് ആറുവർഷം മുൻപ് നടന്ന സംഭവത്തിൽ ഇന്ന് വിധി പ്രസ്താവിച്ചത്. തമിഴ്നാട് പൊലീസിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമായി മാറിയ കേസിൽ സിബിഐ ആണ് അന്വേഷണം പൂർത്തിയാക്കിയത്. 2020 ജൂൺ 19നായിരുന്നു കേസിനാസ്പദമായ സംഭവം.

ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നുവെന്നാരോപിച്ച് ജയരാജിനെയും മകൻ ബെനിക്സിനെയും സാത്താൻകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും രാത്രി മുഴുവൻ ക്രൂരമായ മർദനത്തിന് ഇരയാക്കി. ജൂൺ 22, 23 തീയതികളിലായി ഇരുവരും കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിൽ നിന്നും സിബിഐ ഏറ്റെടുത്ത കേസിലാണ് നിർണായക വിധി വന്നിരിക്കുന്നത്.

ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾമാർ എന്നിവരടക്കം പത്ത് പൊലീസുകാരാണ് കേസിൽ അറസ്റ്റുചെയ്യപ്പെട്ടത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. രാത്രി മുഴുവൻ ഇരുവരെയും ക്രൂരമായി മർദിച്ചെന്നും സ്റ്റേഷനിലെ ലാത്തികളിലും മേശകളിലും രക്തക്കറ കണ്ടിരുന്നതായും ഒരു വനിതാ കോൺസ്റ്റബിൾ നൽകിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്.

അന്വേഷണം തടസപ്പെടുത്താൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ മനഃപൂർവം നീക്കം ചെയ്തതായും സിബിഐ കണ്ടെത്തിയിരുന്നു. ദിവസേനയുള്ള ദൃശ്യങ്ങൾ താനേ മാഞ്ഞുപോകുന്ന രീതിയിൽ ക്രമീകരിച്ചെന്നായിരുന്നു പൊലീസുകാരായ പ്രതികളുടെ വാദമെങ്കിലും പിന്നീട് ഗൂഢാലോചന നടന്നതായി തെളിയുകയായിരുന്നു.