വിഷു 2026 കൈത്തറി മേള ആരംഭിച്ചു

Monday 06 April 2026 9:26 PM IST

കണ്ണൂർ: കേരള സർക്കാരിന്റെയും കൈത്തറി ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും കൈത്തറിവികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പൊലീസ് മൈതാനത്ത് കൈത്തറി പ്രദർശന വില്പന മേള ആരംഭിച്ചു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ടാറും കൈത്തറി വികസന സമിതി കൺവീനറുമായ കെ.പി.ഗിരീഷ് കുമാർ നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാർക്കറ്റിംഗ് അസിസ്റ്റന്റ് ബോബി അഗസ്റ്റിൻ, കൈത്തറി വികസന സമിതി അംഗങ്ങളായ കെ.വി. സന്തോഷ് കുമാർ ,വി.കെ.വിജയൻ , എം.സുജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 50 സഹകരണ സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഓരോ ആയിരം രൂപയുടെ ബില്ലിനും നറുക്കെടുപ്പിലൂടെ ദിവസവും 3 പേർക്ക് 1000 രൂപയുടെ കൈത്തറി വസ്ത്രങ്ങൾ സമ്മാനമായി നൽകും.