നിമിഷ ഡീൻ മലയാളത്തിൽ, കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ച് 'അഞ്ചാം പ്രമാണം'

Tuesday 07 April 2026 6:28 AM IST

ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അഞ്ചാം പ്രമാണം' കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. ജയ് ദേവ് സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്നു. എൺപത് കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും, പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിലെ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. ബോളിവുഡ് താരം നിമിഷ എലിസബത്ത്ഡീൻ മലയാള പ്രവേശം നടത്തുന്ന ചിത്രം കൂടിയാണ് 'അഞ്ചാം പ്രമാണം'.

ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് ആക്റ്റിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയ നിമിഷ, അകാലത്തിൽ വിട പറഞ്ഞ നടൻ സുഷാന്ത് സിംഗ് രാജ്പുത് നായകനായി അഭിനയിച്ച ദിൽബോച്ചാരാ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.രഞ്ജി പണിക്കർ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. മാദ്ധ്യമ പ്രവർത്തകയും നോവലിസ്റ്റുമായ ഷൈനി ആന്റണിയാണ് രചന. റൂബി എൻഡവർ നിർമ്മിക്കുന്ന ചിത്രത്തിന് സിന്റോ പൊടുത്താസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് -ബീന പോൾ. സംഗീതം സൂരജ് എസ് കുറുപ്പ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, പി.ആർ. ഒ വാഴൂർ ജോസ്.