മാഹിയിൽ ഓരോ വോട്ടും നിർണായകം അടിയൊഴുക്കിലാണ് കാര്യം

Monday 06 April 2026 9:54 PM IST

മാഹി: രാഷ്ട്രീയ പ്രചാരണങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള മാഹിയിൽ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ മുഖ്യധാര മുന്നണി സ്ഥാനാർത്ഥികളെല്ലാം വിയർപ്പ് ചീന്തുകയാണ്. തുടക്കത്തിൽ മുന്നണികളിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും മുറുമുറുപ്പുകളുമെല്ലാം കെട്ടടങ്ങി. അകന്ന് നിൽക്കുന്ന ഓരോ പ്രവർത്തകനേയും അടുപ്പിച്ച് നിർത്തിയ രാഷ്ട്രീയ പാർട്ടികൾക്ക് ഓരോ വോട്ടും നിർണ്ണായകമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് മുസ്ലിംലീഗ് വിമതൻ തലവേദനയായിരുന്നു. പ്രശ്നപരിഹാരത്തിന് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്തീൻ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ അടക്കമുള്ള നേതാക്കൾ നേരിട്ടെത്തിയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി രമേശ് പറമ്പത്തിന് ലീഗിന്റെ പിന്തുണ പ്രഖ്യാപിച്ചത്. വിമത സ്ഥാനാർത്ഥിയടക്കം ഏഴുപേരെ പുറത്താക്കുകയും ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ മാഹി ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ സജീവമാക്കിയതോടെയാണ് മുന്നണി ആത്മവിശ്വാസം വീണ്ടെടുത്തത്.

സിറ്റിംഗ് എം.എൽ.എ രമേശ് പറമ്പത്താണ് കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥി. അങ്കവളപ്പിൽ ദിനേശൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ അഡ്വ.ടി.അശോക് കുമാർ ഇടതുപിന്തുണയിൽ സ്വതന്ത്രനായും മത്സരിക്കുന്നു.

കണക്കുകൾക്കുമപ്പുറം അടിയൊഴുക്കിനും അട്ടിമറിക്കും സാദ്ധ്യതയുള്ളതാണ് ഈ ചെറു മണ്ഡലം. പലപ്പോഴും കണക്കുകൂട്ടലുകൾ അസ്ഥാനത്തായി പോയിട്ടുമുണ്ട്. ആയിരത്തിൽ കുറഞ്ഞ വോട്ടുകളാണ് പതിവായി ജയാപജയങ്ങൾ നിർണ്ണയിക്കാറ്. രാജ്യത്തിനകത്തും പുറത്തുമുള്ള വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള തീവ്രയജ്ഞത്തിലാണ് മുന്നണി പ്രവർത്തകർ. പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും അർദ്ധസൈനികരും, സായുധ പൊലീസുകാരുമടക്കം 650 സേനാംഗങ്ങൾ മാഹിയിൽ ജാഗ്രതയിലാണ്.

തീപാറും ത്രികോണ മത്സരം

ഇരുപത്തിരണ്ടായിരത്തിനടുത്ത് വോട്ടുകൾ പോൾ ചെയ്യപ്പെടുന്നതാണ് മാഹിയുടെ പതിവ്.ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകൾ വച്ച് 11,000 വോട്ടുകൾ നേടുമെന്ന് കോൺഗ്രസ്സ് മുന്നണിയും അന്ന് ലഭിച്ച 7500 വോട്ടിന് പുറത്ത് രണ്ടായിരം വോട്ടുകൾ അധികം ലഭിക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെടുന്നു. അതെ സമയം തങ്ങൾക്ക് ലഭിക്കാറുള്ള 8000 വോട്ടുകൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർത്ഥി അശോക് കുമാറിന് വ്യക്തിപരമായി രണ്ടായിരത്തിനടുത്ത് വോട്ട് നേടാൻ സാധിക്കുമെന്ന് ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സിന് ലോക്‌സഭയിലെ വോട്ടുകൾ നിലനിർത്താനാവില്ലെന്നാണ് എതിരാളികൾ പറയുന്നത്.

രമേശ് പറമ്പത്ത് അങ്ക വളപ്പിൽ ദിനേശൻ അഡ്വ.ടി. അശോക് കുമാർ