പിന്മാറാൻ കോൺഗ്രസ് നേതാക്കൾ വൻതുക വാഗ്ദാനം ചെയ്തതെന്ന് തളിപ്പറമ്പിലെ യു.ഡി.എഫ് വിമതൻ
തളിപ്പറമ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കോൺഗ്രസ് നേതാക്കൾ വൻതുക വാഗ്ദാനം ചെയ്തതായി തളിപ്പറമ്പിലെ യു.ഡി.എഫ് വിമത സ്ഥാനാർഥി കൊയ്യം ജനാർദനൻ. ചെലവായ തുകയും ഇരട്ടിയും തരാമെന്ന് ദൂതന്മാർ മുഖേന നേതാക്കൾ വാഗ്ദാനം നൽകിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്റെ സ്ഥാനാർഥിത്വത്തിനുപിന്നിൽ സി.പി.എമ്മാണെന്നും അവരാണ് പണം തരുന്നതെന്നും തെളിയിക്കാൻ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിനെ ജനാർദ്ദനൻ വെല്ലുവിളിച്ചു. കോൺഗ്രസ് സ്ഥാനാർഥിത്വത്തിന് ജനാർദനന്റെ പേര് പരിഗണിച്ചിട്ടില്ലെന്നാണ് മാർട്ടിൻ ജോർജ് പറഞ്ഞത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയോ കെ.പി.സി.സി പ്രസിഡന്റോ ഇക്കാര്യം പറയട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നേതാക്കളുടെ പെട്ടിതൂക്കിനടന്ന് കെ.എസ്.യുവിൽ നിന്ന് ഡി.സി.സിയിൽ എത്തിയയാളല്ല താൻ.
തിരിച്ചു പറയാൻ തുടങ്ങിയാൽ മാർട്ടിനൊക്കെ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. കോൺഗ്രസിന്റെ 15 ഭാരവാഹികൾ തനിക്ക് പിന്തുണ നൽകുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ ഡി.സി.സി പ്രസിഡന്റ് അവർക്കെതിരെ നടപടിയെടുക്കട്ടെ. സ്ഥാനാർത്ഥിത്വത്തിനായി കെ.സി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായൊക്കെ സംസാരിച്ചിട്ടുണ്ട്.അഞ്ചുപേർക്കൊപ്പമാണ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടത്. തളിപ്പറമ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയുടേത് പേയ്‌മെന്റ് സീറ്റാണോയെന്നതുൾപ്പെടെ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തെളിവ് സഹിതം പറയുമെന്നും അദ്ദേഹം പറഞ്ഞു.