പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം
ആലപ്പുഴ: പരസ്യപ്രചരണം ഇന്ന് അവസാനിക്കവേ, വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം കഴിഞ്ഞാൽ നിശബ്ദ പ്രചരണത്തിന്റെ ഒരു പകൽ ദൂരമാണ് വോട്ടെടുപ്പിനുള്ളത്. ആടിയുലയുന്ന വോട്ടുകൾ അവസാനനിമിഷം ഏത് വിധേനയും തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങൾക്കാകും ഇനി മുൻഗണന.
ജി.സുധാകരൻ സി.പി.എം വിടുകയും പാർട്ടിക്കെതിരെ മത്സരത്തിനിറങ്ങുകയും ചെയ്തതോടെ സംസ്ഥാനമാകെ ഉറ്റുനോക്കുന്ന പോരാട്ടകേന്ദ്രമാണ് അമ്പലപ്പുഴ. ജി.സുധാകരനും സി.പി.എം നേതാക്കളും കൊണ്ടും കൊടുത്തും നടത്തിയ പ്രസ്താവനകളാണ് അവസാന ലാപ്പിൽ മീനച്ചൂടിനപ്പുറം ആലപ്പുഴയുടെ പോരാട്ടച്ചൂട് കൂട്ടിയത്.
വൈകിട്ട് കൊട്ടിക്കലാശം
പരസ്യപ്രചാരണത്തിന്റെ അവസാനദിവസമെന്ന നിലയിൽ മണ്ഡലങ്ങളിലുടനീളം കാതടിപ്പിക്കുന്ന പ്രചരണ പരിപാടികളാകും അരങ്ങേറുക
സ്ഥാനാർത്ഥികളും നേതാക്കളുമടക്കം മണ്ഡലത്തിലുടനീളമുള്ള റോഡ് ഷോയും കൊട്ടിക്കലാശവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
കൊട്ടിക്കലാശത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പൊലീസ് ബന്തവസും ക്രമീകരിച്ചിട്ടുണ്ട്
വോട്ടർമാർക്കുള്ള സ്ളിപ്പ് വിതരണം, വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തൽ തുടങ്ങിയവ ബൂത്ത് അടിസ്ഥാനത്തിൽ നടക്കും
നിശബ്ദ പ്രചരണത്തിന്റെ ദിവസമായ നാളെ വോട്ടർമാരെ നേരിൽ കാണാനാകും സ്ഥാനാർത്ഥികൾ സമയംവിനിയോഗിക്കുക
പോളിംഗ് സമയം കഴിയും വരെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വോട്ട് അഭ്യർത്ഥനയ്ക്കാകും ഇനി മുൻതൂക്കം