ബംഗളിൽ ജഡ്ജിമാരെ തടഞ്ഞ സംഭവം ചീഫ് സെക്രട്ടറിക്ക് രൂക്ഷവിമർശനം  സുപ്രീംകോടതിയോട് മാപ്പുപറഞ്ഞു

Tuesday 07 April 2026 12:07 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആ‌ർ ജോലിയിൽ ഏർപ്പെട്ട ജുഡിഷ്യൽ ഓഫീസർമാരെ തടഞ്ഞുവച്ചതിൽ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലിയെ നിർത്തിപൊരിച്ച് സുപ്രീംകോടതി.

എന്താണ് ചീഫ് സെക്രട്ടറിയുടെ പ്രശ്‌നം? കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിളിച്ചാൽ പോലും ഫോണെടുക്കില്ലേ? സുരക്ഷാ അകമ്പടി കുറയ്‌ക്കൂ. എന്നാൽ മാത്രമേ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ പോലുള്ള സാധാരണ പൗരന്മാർക്ക് ചീഫ് സെക്രട്ടറിയെ സമീപിക്കാൻ കഴിയൂവെന്ന് പരിഹസിച്ചു.

യഥാസമയം വിഷയത്തിൽ ഇടപെടാത്തതിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയത്. ബംഗാളിലെ ഉദ്യോഗസ്ഥവൃന്ദത്തിന് എന്ത് വിശ്വാസ്യതയാണുള്ളത്. നിങ്ങളുടെ പരാജയം കാരണമാണ് എസ്.ഐ.ആ‌ർ ജോലികൾ ജഡ്‌ജിമാർക്ക് നൽകിയത്. ഉദ്യോഗസ്ഥർ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്നും നിരീക്ഷിച്ചു.

വീഡിയോ കോൺഫറൻസ് മുഖേന ഹാജരായ ചീഫ് സെക്രട്ടറി മാപ്പു പറഞ്ഞപ്പോൾ, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് മാപ്പു പറയേണ്ടതെന്ന് നിർദ്ദേശിച്ചു. ഉത്തരവാദിത്തം തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി ചീഫ് സെക്രട്ടറി, ഡി.ജി.പി, മാൽഡ ജില്ലാ കളക്ടർ തുടങ്ങിയവർക്കെതിരെയുള്ള നടപടികൾ ഒഴിവാക്കി. ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നരയോടെയാണ് മാൽഡ ജില്ലയിൽ മൂന്ന് വനിതാ ജഡ്‌ജിമാർ ഉൾപ്പെടെ ഏഴു പേരെ ഒരുസംഘം ഗ്രാമീണർ തടഞ്ഞുവച്ചത്. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജില്ലാ ഭരണകൂടത്തിന് കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മോചനം സാദ്ധ്യമായത്. തൊട്ടടുത്ത ദിവസം അതിരൂക്ഷമായാണ് സുപ്രീംകോടതി പ്രതികരിച്ചത്.

എൻ.ഐ.എ സമഗ്രമായി

അന്വേഷിക്കണം

സുപ്രീംകോടതി വിമർശനത്തിനു പിന്നാലെ വിഷയം അന്വേഷിക്കാൻ എൻ.ഐ.എയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരുന്നു. ജഡ്‌ജിമാരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് കൽക്കട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത 12 കേസുകളും എൻ.ഐ.എയ്‌ക്ക് കൈമാറണമെന്ന് ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെ പരിഗണിച്ചപ്പോഴാണ് ഈ വിഷയത്തിലേക്കും കോടതി കടന്നത്.