ഓടപ്പൂവിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നു: കൊട്ടിയൂർ ദേവസ്വം
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവ കാലത്തെ ഓടപ്പൂ നിർമ്മാണവും വിതരണവും ദേവസ്വം നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്നത് വ്യാജ പ്രചാരണമാണെന്ന് ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ ചില സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണ്. ഈ ഉത്തരവ് ഭക്തജനങ്ങളേയോ പ്രദേശവാസികളേയോ ബാധിക്കില്ലെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഭക്തന്മാരെ ചൂഷണം ചെയ്തുകൊണ്ട് അമിത വില ഈടാക്കി വില്പന നടത്തിയതായി ഭക്തർ പരാതിപ്പെട്ടിരുന്നു. 24 ലക്ഷം രൂപ മുടക്കി ദേവസ്വം ഓടപ്പൂവിന്റെ പേറ്റന്റ് എടുത്തതാണ്. പവിത്രമായ ഓടപ്പൂവ് പ്രക്കൂഴത്തിന് മുമ്പും തൃക്കലശ്ശാട്ടിന് ശേഷവും നിർമ്മിക്കുന്നതും ഓൺലൈനിൽ ഉൾപ്പെടെ വിതരണം ചെയ്തത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് ഒഴിവാക്കണം.
കഴിഞ്ഞ വർഷം ഒരു ഓടപ്പൂവിന് 500 രൂപ വര ഈടാക്കിയതായി ഭക്തർ പരാതിപ്പെട്ടിരുന്നു. ഓടപ്പൂവിന്റെ വില ഏകീകരിച്ച് ഭജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതാണ് ദേവസ്വത്തിന്റെ ലക്ഷ്യം.
ന്നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ എല്ലാവരുടെയും ആശങ്കകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും ദേവസ്വം ഭാരവാഹികളായ ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റിമാരായ കെ.സി.സുബ്രഹ്‌മണ്യൻ നായർ, ദാമോദരൻ നായർ, എൻ. പ്രശാന്ത് ,എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ സുരേഷ് എന്നിവർ അറിയിച്ചു.