അമ്പലപ്പുഴയിൽ വമ്പൻ പോരാട്ടം

Tuesday 07 April 2026 12:17 AM IST

ആവേശത്തോടെ ജി.സുധാകരന്റെ റോഡ് ഷോ

ആലപ്പുഴ : ഇന്ന് പരസ്യ പ്രചാരണം സമാപിക്കാനിരിക്കെ ആവേശപരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അമ്പലപ്പുഴ മണ്ഡലം ഇന്നലെ സാക്ഷ്യം വഹിച്ചത്. യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ പ്രചാരണത്തിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും എൻ.കെ.പ്രേമചന്ദ്രൻ എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയും എത്തി.

കുതിരപ്പന്തി മണ്ഡലത്തിലായിരുന്നു ഇന്നലെ ആദ്യം സുധാകരന്റെ പര്യടനം. രാവിലെ പറവൂർ സ്കൂളിന് സമീപം നടന്ന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും വിവിധ റോഡ് ഷോകൾ നയിച്ചു. പുന്നപ്ര കാർമ്മൽ കോളേജിന് സമീപത്ത് നിന്നാരംഭിച്ച ഡി.കെ.ശിവകുമാറിന്റെ റോഡ് ഷോ കളർകോട് - കൈതവന - പഴയനടക്കാവ് റോഡ് വഴി അമ്പലപ്പുഴയിൽ സമാപിച്ചു. കെ.സി.വേണുഗോപാലിന്റെ റോഡ് ഷോ കണ്ണൻവർക്കി പാലത്തിന് സമീപത്ത് നിന്നാരംഭിച്ച് തീരദേശ റോഡ് വഴി അമ്പലപ്പുഴ - കരുമാടി - കരൂർ- പുറക്കാട് - തോട്ടപ്പള്ളി വഴി കാക്കാഴത്താണ് സമാപിച്ചത്. ബാലറ്റ് പേപ്പറിൽ നാലാമതായാണ് ജി.സുധാകരന്റെ പേരും ചിഹ്നവും ചിത്രവും പതിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രവർ‌ത്തകർ വീടുവീടാന്തരം എത്തിക്കുന്നുണ്ട്. സംശുദ്ധ രാഷ്ട്രീയത്തിന് ഒരു വോട്ട് എന്ന് ടാഗ് ലൈനോടെയാണ് പ്രചരണം അവസാന ലാപ്പിൽ ചൂടുപിടിക്കുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ രാഷ്ട്രീയവും, താൻ നടത്തിയ വികസനങ്ങളും എടുത്തുപറഞ്ഞാണ് സുധാകരൻ മുന്നേറിയത്.

തീരദേശ റാലിയുമായി സലാം

തീരദേശത്തെ ചെങ്കടലാക്കിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തീരദേശ റാലി നടന്നത്. പകൽ രണ്ടോടെ അമ്പലപ്പുഴ അയ്യൻ കോയിക്കലിൽ നിന്നുമാണ് റാലി ആരംഭിച്ചത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത എച്ച്.സലാമിന് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ,എൽ.ഡി.എഫ് നേതാക്കളായ എ.ഓമനക്കുട്ടൻ, ഇ.കെ.ജയൻ, അജയ് സുധീന്ദ്രൻ, സി.ഷാംജി, പി.പി.പവനൻ, മുജീബ് റഹ്മാൻ, ജമാൽ പളളാത്തുരുത്തി, പി.കെ.സദാശിവൻപിള്ള, സാദിക് മാക്കിയിൽ, പി.എസ്.എം.ഹുസൈൻ, അഡ്വ. ആർ.രാഹുൽ, ബി.നസീർ, വി.കെ.ബൈജു, സാദിക് ഉലഹൻ, കെ.മോഹൻകുമാർ, വി.കെ.ബൈജു, എ.പി.ഗുരുലാൽ, കെ.എം.ജുനൈദ് എന്നിവർ നേതൃത്വം നൽകി.

നഗരത്തിലൂടെ അരുൺ അനിരുദ്ധൻ

അമ്പലപ്പുഴയുടെ കിഴക്കൻ മേഖലകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി അരുൺ അനിരുദ്ധന്റെ റോഡ് ഷോ .ഇന്നലെ വൈകിട്ട് അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രിയോടെ ആലപ്പുഴ എ.വി.ജെ ജംഗ്ഷനിൽ സമാപിച്ചു .പടിഞ്ഞാറെ നടയിൽ നിന്ന് കച്ചേരിമുക്ക് , പായൽ കുളങ്ങര വളപ്പ് , കരുമാടി ,അമ്പലപ്പുഴ വടക്കേനട വഴി പഴയ നടക്കാവ് റോഡിലൂടെയാണ് യാത്ര കടന്നു പോയത് .നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ കടന്നു പോയ കുറവൻ തോട് ,പുന്നപ്ര , പറവൂർ , കളർകോട് , കൈതവന , പഴവീട് , കല്ലുപാലം ഭാഗങ്ങളിൽ മികച്ച ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത് .