സത്യവാങ്മൂലം തിരുത്തി; വിജയ്‌യുടെ ആസ്തി കൂടി

Tuesday 07 April 2026 12:18 AM IST

ചെന്നൈ: നാമനിർദ്ദേശ പത്രികകളിലെ പൊരുത്തക്കേടുകൾ തിരുത്തി പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ ടി.വി.കെ നേതാവ് വിജയ്‌യുടെ ആസ്തി വർദ്ധിച്ചു. പുതുക്കിയ സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിന് 410.59 കോടിയുടെ ജംഗമവസ്തുക്കളും 220.15 കോടിയുടെ സ്ഥാവരവസ്തുക്കളുമാണുള്ളത്. നേരത്തെ ജംഗമ വസ്തുക്കളുടെ ആസ്തിയായി 404.58 കോടിയാണ് കാണിച്ചിരുന്നത്.

പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന വിജയ് രണ്ടിടത്തു നൽകിയ സത്യവാങ്മൂലങ്ങളിൽ രണ്ടു രീതിയിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, രണ്ടു കേസുണ്ടെന്ന് തിരുച്ചിറപ്പള്ളിയിലെ സത്യവാങ്മൂലത്തിൽ പറഞ്ഞു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ 52 വയസും തിരുച്ചിറപ്പള്ളിയിൽ 51 വയസുമാണ് കാണിച്ചിരുന്നത്.

സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച പെരമ്പൂരിൽ പുതുക്കിയ പത്രിക നൽകുകയായിരുന്നു. വിജയ്‌യുടെ പത്രികയിൽ പിൻതാങ്ങിക്കൊണ്ട് ഒപ്പിട്ടയാളാണ് വരണാധികാരി എസ്. ഗീതയ്ക്ക് പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചത്. പത്രികാസമർപ്പണത്തിന്റെ സമയം കഴിയുംമുൻപ് തെറ്റുകൾ കണ്ടെത്തിയതുകൊണ്ടാണ് അവ തിരുത്താനായത്.