ആനയറ മുല്ലൂർ ക്ഷേത്ര മേൽശാന്തിയുടെ ദുരൂഹ മരണം: അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്ര മേൽശാന്തിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുടപ്പനക്കുന്ന് വി.പി തമ്പി റോഡ് ഏരപ്പുഴി കവിത വിഹാറിൽ കെ.വിഷ്ണുവാണ് (42) മരിച്ചത്. ഉത്സവകമ്മിറ്റി ഭാരവാഹികളായ ഉത്തമൻ സുഹൃത്ത് വിനോദ് എന്നീ പേരുകൾ പരാമർശിക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ നടത്തിയ ആചാര ലംഘനം വിഷ്ണു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് പോറ്റിയുടെ ഉറ്റ സുഹൃത്തുക്കളുടെ ആരോപണം. ക്ഷേത്രോത്സവത്തിന്റെ ആദ്യദിനമായ മാർച്ച് 22ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിലെത്തിയിരുന്നു.തുടർന്ന് മേൽശാന്തി തീർത്ഥം നൽകിയപ്പോൾ അദ്ദേഹം കൈയിൽ വാങ്ങിയശേഷം തുടച്ചുകളഞ്ഞെന്ന് വിഷ്ണുവിന്റെ സുഹൃത്തും മറ്റൊരു അമ്പലത്തിലെ പൂജാരിയും കൂടിയായ ദേവൻ പോറ്റി ആരോപിച്ചു.ഇതിനെതിരെ മേൽശാന്തി പ്രതികരിച്ചു.തീർത്ഥം വാങ്ങി തുടച്ചു കളഞ്ഞ് അവഹേളിച്ചത് മോശമായിപ്പോയെന്ന് അവിടെ നിന്ന ആളുകളോട് വിഷ്ണു പറഞ്ഞിരുന്നു.പിന്നാലെ ഉത്സവത്തിന്റെ അവസാന ദിവസം പുറത്തെഴുന്നള്ളിപ്പിൽ നിന്ന് വിഷ്ണുവിനെ മാറ്റി നിറുത്തിയെന്നും സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളായ സി.പി.എം പ്രവർത്തകർ ശാന്തിയെക്കൊണ്ട് മാപ്പ് പറയിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്നും ദേവൻ പോറ്റി പറഞ്ഞു.പുറത്തെഴുന്നള്ളത്ത് ദിവസം ചിലർ മേൽശാന്തിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ഉത്സവകമ്മിറ്റി കൺവീനർ ശ്യാംലാലും ആരോപിച്ചു.ഇതിന്റെ മനോവിഷമത്തെ തുടർന്ന് ഇക്കഴിഞ്ഞ 5ന് പുലർച്ചെ 3നും രാവിലെ ആറേകാലിനുമിടയിൽ വിഷ്ണു തൂങ്ങിമരിച്ചെന്നാണ് എഫ്.ഐ.ആർ. ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ക്ഷേത്രപരിസരത്തെ മുറിയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ ഹുക്കിൽ വെള്ളമുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. വിഷ്‌ണുവിന്റെ ഭാര്യാപിതാവ് എസ്. ഗണേശന്റെ പരാതിയിൽ പേട്ട പൊലീസ് കേസെടുത്തു.സംശയാസ്പദമായ മരണത്തിന് ബി.എൻ.എസ്.എസ്- 194-ാം വകുപ്പ് ചുമത്തി.മരണത്തിനിടയാക്കിയ എല്ലാ കാരണങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും പേട്ട പൊലീസ് അറിയിച്ചു.
എസ്.ഐ എം.ഷമീറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.ആത്മഹത്യാ കുറിപ്പിൽ പേരുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.കടകംപള്ളിക്കെതിരെ എന്തെങ്കിലും തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.സി.സി ടിവി ദൃശ്യം പരിശോധിച്ചു.നടയിലെത്തി പ്രാർത്ഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നത് ദൃശൃങ്ങളിൽ വ്യക്തമാണ്.
പരേതനായ കുമാരസ്വാമിയുടേയും തങ്കത്തിന്റെയും മകനാണ് വിഷ്ണു. ഭാര്യ: കവിത. മക്കൾ: വൈഗ കൃഷ്ണ, വൈഭവികൃഷ്ണ. സഞ്ചയനം ഇന്ന് രാവിലെ ഒമ്പതിന്.
ഹിന്ദു ഐക്യവേദി മാർച്ച് നടത്തി
മൂല്ലൂർ ക്ഷേത്ര മേൽശാന്തി വിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി.സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ ഉദ്‌ഘാടനം ചെയ്തു. മരണത്തിൽ ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രനും ക്ഷേത്ര ഭാരവാഹികൾക്കുമെതിരെ അന്വേഷണം നടത്തണമെന്നും വിഷ്‌ണുവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സന്ദീപ് തമ്പാനൂർ ആവശ്യപ്പെട്ടു.15 വർഷമായി അവിടെ പൂജചെയ്യുന്ന വിഷ്ണുവിനെക്കുറിച്ച് ക്ഷേത്ര ഭാരവാഹികൾക്ക് പരാതി ഇല്ല.അതുകൊണ്ടുതന്നെ വിഷ്ണു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബി.ജെ.പി ജില്ലാ സെക്രട്ടറിയും കടകംപള്ളി വാർഡ് കൗൺസിലറുമായ ജയരാജീവ്,ഹിന്ദു ഐക്യവേദി ശംഖുമുഖം നഗര ജനറൽ സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.ഭഗത് സിംഗ് റോഡിൽ നിന്നാരംഭിച്ച മാർച്ച് കടകംപള്ളി ജംഗ്‌ഷനിൽ സമാപിച്ചു.