വഴക്കിനിടെ തന്തയില്ലാത്തവൻ പ്രയോഗം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി

Tuesday 07 April 2026 2:22 AM IST

ന്യൂഡൽഹി: തന്തയില്ലാത്തവൻ എന്നു വിളിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ലൈംഗികത, അസഭ്യം എന്നിവയുടെ അകമ്പടിയില്ലാതെ വെറുതെ ഇത്തരത്തിൽ അധിക്ഷേപകരമായ വാക്കുകൾ പ്രയോഗിക്കുന്നത് ഐ.പി.സിയിലെ 294ാം പ്രകാരം കുറ്റകരമല്ല. പൊതുജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ അശ്ലീലകരമായ പ്രവൃത്തികളും പാട്ടുകളും വാക്കുകളും പ്രയോഗിക്കുമ്പോഴാണ് ഈ വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുക. ആധുനിക കാലഘട്ടത്തിൽ കടുത്ത വാക്കുതർക്കമുണ്ടാകുമ്പോൾ ഇത്തരം വാക്കുകൾ സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തമിഴ്നാട്ടിൽ, വഴക്കിനിടെ തന്തയില്ലാത്തവനെന്ന് വിളിച്ച രണ്ടു പേ‌‌രെ മദ്രാസ് ഹൈക്കോടതി ഒരുവർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഇരുവരും സമ‌ർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രതികൾക്കെതിരെയുള്ള ശിക്ഷ ഒഴിവാക്കി.