ഡൽഹി സെക്രട്ടേറിയറ്റിൽ സുരക്ഷാ വീഴ്‌ച

Tuesday 07 April 2026 3:04 AM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ സമുച്ചയത്തിന് മുന്നിലെ ബാരിക്കേഡുകളും ഗേറ്റും ഇടിച്ചു തെറിപ്പിച്ച് കാർ ഓടിച്ചു കയറ്റിയ ആൾ അറസ്റ്റിൽ. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയാണ് യുപി രജിസ്ട്രേഷൻ കാർ രണ്ടാം നമ്പർ വി.ഐ.പി ഗേറ്റ് തകർത്ത് നിയമസഭാ പരിസരത്തേക്ക് പ്രവേശിച്ചത്. ഗേറ്റിലുണ്ടായിരുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് കാർ തടയാനായില്ല. കാറുമായി ഉള്ളിലെത്തിയ ആൾ നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിന്റെ പോർച്ചിന് സമീപം ഒരു ബൊക്കെ വച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്‌തു. സ്‌പീക്കറുടെ കാറിനുമേൽ ഇയാൾ കരി മഷി തെളിച്ചെന്നാണ് വിവരം. കാറും അത് ഓടിച്ച സരബത് സിംഗും വടക്കൻ ഡൽഹിയിലെ രൂപ്‌നഗറിൽ നിന്ന് പൊലീസ് പിടിയിലായി. ബൊക്കെയിൽ നിന്ന് സ്‌ഫോടക വസ്‌തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തോടെ ഡൽഹി നിയമസഭാ മന്ദിരത്തിന്റെ സുരക്ഷ ചോദ്യമുനയിലായി. മന്ദിരത്തിന്റെ കാവൽ ശക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ബഡ്‌ജറ്റ് അവതരണ ദിവസം നിയമസഭാ മന്ദിരത്തിൽ ബോംബു വയ്‌ക്കുമെന്ന വ്യാജ ഭീഷണി വന്നിരുന്നു.