കലാശക്കൊട്ടിൽ വോട്ടുറപ്പിക്കാൻ
കോട്ടയം: നിയമസഭയിൽ സീറ്റുറപ്പിക്കാനായി ഇരുപത്തിരണ്ട് ദിനങ്ങൾ പിന്നിട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. മണ്ഡല, പഞ്ചായത്ത് ആസ്ഥാനങ്ങളിൽ ഇന്ന് ഗംഭീര പ്രകടനങ്ങൾക്കാണ് മുന്നണികൾ പദ്ധതിയിട്ടിരിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ കലാശക്കൊട്ട് ഔദ്യോഗികമായി ഇല്ല. പ്രചാരണ ദിവസങ്ങൾ കുറയുകയും അവധി ദിനങ്ങൾ ഏറുകയും ചെയ്തിരുന്നുവെങ്കിലും മിക്ക സ്ഥാനാർത്ഥികളും വാഹന പ്രചാരണം ഒരാഴ്ച മുമ്പേ അവസാനിപ്പിച്ചിരുന്നു. പ്രചാരണം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ഡി.ജെ നൈറ്റും റോഡ് ഷോയും വിവിധ മണ്ഡലങ്ങളിൽ സംഘടിപ്പിച്ചിരുന്നു. സ്ഥാപനങ്ങളും കടകളും സന്ദർശിച്ചും പ്രമുഖ വ്യക്തികളെ നേരിൽക്കണ്ടും കുടുംബസംഗമങ്ങളും റോഡ് ഷോകളും സംഘടിപ്പിച്ച് വോട്ട് അഭ്യർത്ഥനയിലായിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളും കളം നിറഞ്ഞു. വോട്ടർമാരെ നേരിൽക്കാണാൻ ലഭിച്ച സമയക്കുറവിന്റെ തിരിച്ചടിയ്ക്ക് ആവേശകരമായ കൊട്ടിക്കലാശലത്തിലൂടെ മറുപടി നൽകാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. എല്ലാ സ്ഥലങ്ങളിലും ഒരു പോലെ കൊട്ടിക്കലാശം നടക്കുന്നതിനാൽ പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അവസാനവട്ട പാച്ചിൽ ഇന്ന് രാവിലെ മുതൽ സ്ഥാനാർത്ഥികൾ മണ്ഡലത്തിലുടനീളം പര്യടനം നടത്തും. വഴുതി മാറിയും ഇടഞ്ഞും നിൽക്കുന്നവരെ കാണാനും വോട്ട് ഉറപ്പിക്കാനും ഉച്ചവരെ സമയം ചെലവഴിക്കും. ഉച്ചകഴിയുന്നതോടെ പ്രവർത്തകർക്കൊപ്പം മണ്ഡല ആസ്ഥാനങ്ങളിലേക്കു നീങ്ങും. വർണ, വാദ്യ ഘോഷങ്ങളോടെയുള്ള കലാശക്കൊട്ടിനാണ് സ്ഥാനാർത്ഥികൾ പദ്ധതിയിട്ടിരിക്കുന്നത്. പ്രചാരണ രംഗത്തെ മേൽക്കൈ അവസാന നിമിഷം വരെ നിലനിർത്തണമെങ്കിൽ കലാശക്കൊട്ട് നിറപ്പകിട്ടുള്ളതാക്കണമെന്നാണ് മുന്നണികളുടെ പക്ഷം. അവസാന മണിക്കൂറുകളെ കൊഴുപ്പിക്കാൻ ചെണ്ട, നാസിക്ഡോൾ മേളങ്ങളുണ്ടാകും. കൊട്ടിക്കലാശം കഴിയുന്നതോടെ, സ്ഥാനാർത്ഥികളും പ്രവർത്തകരും ഇതുവരെയില്ലാത്ത തിരക്കിലേക്ക് നീങ്ങും. ബൂത്ത് ഒരുക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലേക്ക് ഒരു വിഭാഗം നീളുമ്പോൾ എതിർ ചേരിയിൽ നിന്നുൾപ്പെടെ വോട്ട് മറിക്കാനുള്ള ശ്രമങ്ങളിലാകും മറുവിഭാഗം. നേരിൽക്കണ്ടാൽ വോട്ട് ഉറപ്പെന്ന് അറിയിപ്പ് ലഭിക്കുന്ന സ്ഥലങ്ങളിലേക്കും സ്ഥാനാർത്ഥികൾ എത്തും.