മുംബയിൽ കോടികളുടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കി ശ്രേയാ ഘോഷാലും കുടുംബവും, വില കേട്ട് ഞെട്ടി ആരാധകർ
മുംബയിൽ ഏറ്റവും കൂടുതൽ ജീവിതച്ചിലവേറിയ മേഖലകളിലൊന്നായ വോർളിയിൽ പുതിയ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ഗായിക ശ്രേയാ ഘോഷാൽ. 29.70 കോടി രൂപയ്ക്കാണ് താരം വീട് വാങ്ങിയത്. മാതാപിതാക്കളായ ശമിഷ്ഠ ഘോഷാലിനും ബിശ്വജിത് ഘോഷാലിനും ഒപ്പമാണ് ശ്രേയ വീട് വാങ്ങിയിരിക്കുന്നത്.
2,430 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള അപ്പാർട്ട്‌മെന്റിന്റെ ആകെ വിസ്തീർണ്ണം 2,750 ചതുരശ്ര അടിയാണ്. മൂന്ന് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഈ സ്ഥലത്തുണ്ട്. വോർളിയിലെ പ്രശസ്തമായ 'ഗോദ്‌റെജ് ട്രൈലോജി' എന്ന പ്രോജക്‌ടിലാണ് അപാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ ഒന്നിനായിരുന്നു ഔദ്യോഗിക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. 1.78 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 30,000 രൂപ രജിസ്ട്രേഷൻ ഫീസായും അടച്ചു.
മുംബയിലെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടമായ വോർളിയിൽ പുതിയ വീട് വാങ്ങിയതോടെ ശ്രേയയുടെ മുംബയ് ജീവിതത്തിന് പുതിയൊരു വിലാസം കൂടി ലഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ താരത്തിന് ആശംസകളുമായി എത്തിക്കഴിഞ്ഞു.