വെള്ളിയാഴ്ച മുതല്‍ പണം നേരിട്ട് നല്‍കേണ്ട; പരാതി അറിയിക്കുന്നവര്‍ക്ക് ആയിരം രൂപയുടെ സമ്മാനവും

Tuesday 07 April 2026 6:49 PM IST
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദേശീയപാതയില്‍ ടോള്‍ പ്ലാസകളിലെ ശുചിമുറികള്‍ വൃത്തിഹീനമാണെങ്കില്‍ പരാതിപ്പെടാം. ഇത്തരത്തില്‍ പരാതിപ്പെടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രാലയം. വൃത്തിഹീനമായ ശുചിമുറികളുടെ ചിത്രം മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് 1,000 രൂപ ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും. 'ക്ലീന്‍ ടോയ്‌ലറ്റ് പിക്ചര്‍ ചലഞ്ച്' ആണ് കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏപ്രില്‍ 10 മുതല്‍ ടോള്‍ പ്ലാസകളില്‍ പണം നേരിട്ട് സ്വീകരിക്കുന്നത് നിര്‍ത്തലാക്കിക്കൊണ്ടുള്ള നിര്‍ണ്ണായക തീരുമാനവും പുറത്തുവന്നു.

ദേശീയപാതകളിലെ യാത്രക്കാര്‍ക്ക് വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ടോള്‍ പ്ലാസകളിലെ ശുചിമുറികള്‍ വൃത്തിഹീനമാണെന്ന് കണ്ടാല്‍ അതിന്റെ ഫോട്ടോ എടുത്ത് 'രാജ്മാര്‍ഗ് യാത്ര' എന്ന മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യണം. ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ പരാതിക്കാരന്റെ ഫാസ്ടാഗ് അക്കൗണ്ടിലേക്ക് 1,000 രൂപ ക്രെഡിറ്റാവും. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കി ഹൈവേകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ദേശീയപാത അതോറിറ്റി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 10 മുതല്‍ ടോള്‍ പ്ലാസകളില്‍ പണമിടപാട് പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ടോള്‍ പ്ലാസകളില്‍ ഇനി ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ വഴി മാത്രമേ പണമടയ്ക്കാന്‍ സാധിക്കൂ. പണമായി ടോള്‍ സ്വീകരിക്കുന്നത് ഒഴിവാക്കി ട്രാഫിക് ബ്ലോക്ക് കുറയ്ക്കാനാണ് ഈ നീക്കം. ഫാസ്ടാഗ് ഇല്ലാതെ യുപിഐ വഴി പണമടയ്ക്കുന്നവര്‍ക്ക് നിശ്ചിത തുകയുടെ 25 ശതമാനം പിഴ കൂടി നല്‍കേണ്ടി വരും. ഉദാഹരണത്തിന്, 100 രൂപയാണ് ടോള്‍ എങ്കില്‍ യുപിഐ വഴി 125 രൂപ നല്‍കണം. സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് സ്വകാര്യ വാഹനങ്ങളില്‍ ടോള്‍ ഇളവ് തേടുന്നത് ഇനി അനുവദിക്കില്ല. ടോള്‍ ഇളവുള്ള വാഹനങ്ങള്‍ക്കും ഇനി മുതല്‍ പ്രത്യേകമായി നല്‍കുന്ന 'എക്‌സംപ്റ്റഡ് ഫാസ്ടാഗ്' നിര്‍ബന്ധമാണ്.