രണ്ട് വീടുകള്‍ നിരീക്ഷിച്ചു; രാത്രി 11നും പുലര്‍ച്ചെ രണ്ടിനും ഇടയില്‍ കൃത്യം നടത്തി

Tuesday 07 April 2026 9:02 PM IST

തിരുവനന്തപുരം: വീട്ടുകാര്‍ ഈസ്റ്റര്‍ ആരാധനയ്ക്കായി പള്ളിയില്‍ പോയ സമയം നോക്കി ലക്ഷങ്ങളുടെ മോഷണം. തിരുവനന്തപുരം കരുംകുളത്താണ് 17.5 പവന്‍ സ്വര്‍ണവും 6.65 ലക്ഷം രൂപയും മോഷ്ടിച്ചത്. അടുത്തടുത്തുള്ള രണ്ട് വീടുകളിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സംശയം തോന്നിയ വാഹനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.

പുല്ലുവിളയിലെ പഴയതുറ പുരയിടം വീട്ടില്‍ മിനി, സമാീപവാസിയായ ബ്രിജറ്റ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മിനിയുടെ വീട്ടില്‍ നിന്ന് 17.5 പവന്‍ സ്വര്‍ണവും 6.65 ലക്ഷം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ബ്രിജറ്റിന്റെ വീട്ടില്‍ നിന്ന് രണ്ട് ഗ്രാം സ്വര്‍ണവും 500 രൂപയുമാണ് നഷ്ടമായത്. ശനിയാഴ്ച രാത്രിയില്‍ വീട്ടുകാര്‍ പള്ളിയില്‍ ഈസ്റ്റര്‍ ആരാധനയ്ക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

മിനിയും ഭര്‍ത്താവ് പത്രോസും മക്കളും രാത്രി 11 മണിക്കാണ് പള്ളിയിലേക്ക് പോയത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലേക്ക് തിരികെ വന്നു. ഈ സമയത്താണ് അടുക്കള വാതില്‍ തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കിടപ്പ് മുറി പരിശോധിച്ചപ്പോള്‍ അലമാര കുത്തിത്തുറന്ന് സ്വര്‍ണവും പണവും അപഹരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ജോഡി കൊലുസുകള്‍, ഒരു നെക്ലെസ്, ഒരു മാല, മൂന്ന് ബ്രേസ്ലെറ്റുകള്‍, ഒരു ജോഡി കമ്മല്‍, ആറ് മോതിരം, രണ്ടു മാലകള്‍, ഒരു വള എന്നിവയും അടുത്ത കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ജോഡി കമ്മലും ഉള്‍പ്പെടെയുള്ളവയാണ് മോഷണം പോയത്.