ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കും; ഭീഷണി മുഴക്കി ട്രംപ്, അമേരിക്ക ആണവായുധം പ്രയോഗിക്കുമോ എന്ന് ആശങ്ക
വാഷിംഗ്ടൺ : ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ ലോകം ആശങ്കയിൽ. തിരിച്ചുവരാൻ കഴിയാത്ത വിധം ഇന്ന് രാത്രി ഇറാൻ നശിക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ് ഇന്ന് രാത്രി സംഭവിക്കാൻ പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിൽ ഇന്ന് രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അമേരിക്ക ഇറാനിൽ ആണവായുധം പ്രയോഗിക്കുമെന്ന ആശങ്കയും സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ഇറാൻ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ പ്രസിഡന്റ് പുറത്തെടുക്കുമെന്ന് ഹംഗറിയിൽ മാദ്ധ്യമ പ്രവർത്തകരോട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞിരുന്നു. ഇതും ട്രംപിന്റെ ഭീഷണിയും ചേർത്ത് വച്ചാണ് ആണവാക്രമണ സാദ്ധ്യതയെക്കുറിച്ച് ചർച്ച സജീവമായത്. എന്നാൽ ഇത്തരം പ്രചാരണത്തിൽ അടിസ്ഥാനമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. വൈസ് പ്രസിഡന്റിന്റെ വാക്കുകളിൽ അത്തരമൊരു സൂചനയും ഇല്ലെന്ന് വ്യക്തമാക്കിയ അധികൃതർ പ്രചാരണത്തെ പരിഹസിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ താൻ നൽകിയ അന്ത്യശാസനം കാറ്രിൽപ്പറത്തിയ ഇറാനെതിരെ ട്രംപ് നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനിൽ കനത്ത വ്യോമാക്രമണവും നടത്തിയിരുന്നു.