ചെലവ് 420 കോടി രൂപ; നാല് വരി പാതയില്‍ വമ്പന്‍ ഫ്‌ളൈ ഓവര്‍ പരിഗണനയില്‍
ബംഗളൂരു: ഇന്ത്യയില്‍ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്നിലാണ് കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരു. നഗരം വളര്‍ച്ചയുടെ പാതയിലാണെന്ന് പറയുമ്പോഴും ജനങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തന്നെയാണ്. ഇപ്പോഴിതാ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 420 കോടി രൂപ ചെലവില്‍ വമ്പന്‍ ഫ്‌ളൈ ഓവര്‍ പദ്ധതിയാണ് പരിഗണനയിലുള്ളത്. നാല് വരി പാതയായി മേല്‍പ്പാലം നിര്‍മിക്കുന്നതിനാണ് മുന്‍ഗണന.
പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നത്. മാര്‍ച്ച് 26ന് നാലുവരി ഫ്‌ളൈ ഓവര്‍ പദ്ധതിക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഹെബ്ബാള്‍ - മേഖ്രി റൂട്ടിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1.6 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി ആവിഷികരിക്കുന്നത്. മേഖ്രി സര്‍ക്കിളിലെ നിലവിലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, യാത്രാ സമയം കുറയ്ക്കുക എന്നിവയാണ് പുതിയ മേല്‍പ്പാലം ലക്ഷ്യമിടുന്നത്.
ബംഗളൂരുവിലെ യാത്രക്കാര്‍ക്ക് ആശങ്കയാകുന്ന ഹെബ്ബാള്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ ഭാഗമാണ്. ബംഗളൂരു നഗരമദ്ധ്യത്തിനും വിമാനത്താവളത്തിനും ഇടയിലുള്ള ഹെബ്ബാള്‍ ഫ്‌ളൈ ഓവറില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് ലഘൂകരിക്കാനായി ഫ്‌ളൈ ഓവറില്‍ ഒരു അധിക റാമ്പ് നിര്‍മിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി രംഗത്തുവന്നത്.