അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുത്, ഇറാനിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: ഇറാനെ ഇന്ന് രാത്രി അവസാനിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹോർമുസ് കടലിടുക്ക് തുറക്കാനും സമാധാന കരാർ ഒപ്പിടാനും ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.
നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ അവിടത്തന്നെ തുടരണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും സഞ്ചാരം ഒഴിവാക്കാനും കേന്ദ്രം നിർദ്ദേശം നൽകി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകൾ നടത്താവൂ, അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് ഇറാനിലെ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ആളുകൾ വീടിനുള്ളിൽ തുടരുകയും വൈദ്യുത, സൈനിക സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ എന്നിവ ഒഴിവാക്കണമെന്നും എംബസി നിർദ്ദേശിച്ചു.