നാടിളക്കിമറിച്ച് എൽ.ഡി.എഫ്

Wednesday 08 April 2026 12:22 AM IST

ആലപ്പുഴ: നാടും നഗരവും ചെങ്കടലാക്കി ജില്ലയിൽ ഇടത് മുന്നണിയുടെ കൊട്ടിക്കലാശം. ഇരുചക്രവാഹനങ്ങളിൽ പാർട്ടി പതാകകൾ വീശിയും വർണ ബലൂണുകൾ വാനിലുയർത്തിയും പ്രവർത്തകരുടെ അണമുറിയാത്ത പ്രവാഹത്തിൽ ആവേശം ആകാശത്തോളമെത്തി. സ്ഥാനാർത്ഥികളുടെ ഫോട്ടോയും ചിഹ്നവും പതിച്ചുള്ള പ്ളക്കാർഡുകൾ ഉയർത്തിയും ടീഷർട്ടും തൊപ്പിയുമണിഞ്ഞ് പെൺകുട്ടികളും സ്ത്രീകളുമുൾപ്പെടെ പങ്കാളികളായ പര്യടനം, കലാശക്കൊട്ടിന് നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിയപ്പോൾ സ്ഥാനാർത്ഥികൾക്കൊപ്പം പാട്ടും നൃത്തച്ചുവടുകളുമായി ശരിക്കും ജനോത്സവമായി.

ചെങ്ങന്നൂർ കല്ലിശേരിയിൽ നിന്നായിരുന്നു സജി ചെറിയാന്റെ പര്യടനം. ഗ്രാമ നഗരവീഥികളെ ഇളക്കി മറിച്ചുള്ള പര്യടനത്തിൽ പ്രധാന ജംഗ്ഷനുകളിലെല്ലാം നൂറ് കണക്കിന് പ്രവർത്തകർ ഒപ്പം ചേർന്നു. നന്ദാവനം ജംഗ്ഷനിൽ കൊട്ടിക്കലാശം പരിസമാപ്തിയിലെത്തിയപ്പോൾ മനുഷ്യമഹാസാഗരമായി.

വള്ളികുന്നം കാഞ്ഞിരത്തിൻമൂട്ടിൽ നിന്നായിരുന്നു എം.എസ് അരുണിന്റെ കൊട്ടിക്കലാശപ്പുറപ്പാട്. താമരക്കുളം, പാലമേൽ, നൂറനാട്, തഴക്കര, മാവേലിക്കര, ചുനക്കര വഴി ചാരുംമൂട്ടിലായിരുന്നു സമാപനം.

കായംകുളം പത്തിയൂരിൽ നിന്നാരംഭിച്ച യു.പ്രതിഭയുടെ പര്യടനം കരീലകുളങ്ങര, കണ്ടല്ലൂർ, ദേവികുളങ്ങര, പുതുപ്പള്ളി, കൃഷ്ണപുരം, ചെട്ടികുളങ്ങരവഴി കായംകുളം നഗരത്തിലെത്തി എൽമെക്സ് ഗ്രൗണ്ടിലായിരുന്നു കൊട്ടിക്കലാശം.

ടി.ടി ജിസ്മോന്റെ പര്യടനംചെറുതനയിൽ നിന്ന് തുടങ്ങി ഹരിപ്പാട് ക്ഷേത്ര പരിസരം വഴി ടൗൺഹാളിലെത്തി സമാപിക്കുകയായിരുന്നു.

കുട്ടനാട്ടിൽ തോമസ് കെ. തോമസിന്റെ വെട്ടിക്കാട് വീടിന്റെ സമീപത്തുനിന്നായിരുന്നു അവസാന റൗണ്ട് പ്രചരണത്തിന്റെ തുടക്കം. കൈനകരി പഞ്ചായത്ത് കടവ്, പൂപ്പള്ളി,പടഹാരം, തകഴി, വീയപുരം, എടത്വ, നീരേറ്റുപുറം വെളിയനാട്, തട്ടാശേരി വഴി പാലങ്ങളും പാടശേഖരങ്ങളും വഴി ജനമനസുകൾ കീഴടക്കിയുള്ള കുട്ടനാട്ടിലെ കൊട്ടിക്കലാശം മങ്കൊമ്പിലാണ് സമാപിച്ചത്.

അമ്പലപ്പുഴയിൽ തോട്ടപ്പള്ളി നാലുചിറ പാലത്തിൽ നിന്ന് തുടങ്ങിയ എച്ച്. സലാമിന്റെ തീരദേശ പര്യടനം ഉച്ചയ്ക്ക് അമ്പലപ്പുഴ കച്ചേരിമുക്കിലാണ് സമാപിച്ചത്. ഉച്ചയ്ക്ക്ശേഷം വളഞ്ഞവഴിയിൽ നിന്നാരംഭിച്ച് അമ്പലപ്പുഴ , പുന്നപ്ര പഞ്ചായത്തുകൾ കടന്നെത്തിയ റോഡ് ഷോ ടൗൺ ചുറ്രിക്കറങ്ങിയാണ് സഖറിയാ ബസാറിൽ കൊട്ടിക്കലാശത്തിനെത്തിയത്.

പി.പി ചിത്തരഞ്ജൻ മാരാരിക്കുളത്ത് നിന്ന് തുടക്കം കുറിച്ച പര്യടനം ബാപ്പുവൈദ്യർ, കൊമ്മാടി, ആശ്രമം, തത്തംപള്ളി, പുന്നമട, കൊറ്റൻകുളങ്ങര ,റോഡ് മുക്ക് വഴിയാണ് കൊട്ടിക്കലാശ നഗരിയായ മണ്ണഞ്ചേരിയിലെത്തിയത്.

കുമ്പളങ്ങിയിൽ നിന്ന് ഉച്ചവരെ തീരദേശപര്യടനം പൂർത്തിയാക്കിയ ദലീമ ഉച്ചയ്ക്ക്ശേഷം അരൂർക്കുറ്രിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പളളിമുക്ക് അരൂക്കുറ്റി റോഡ് ,പൂച്ചാക്കൽ വഴി പാണാവള്ളി ബ്ളോക്ക് ജംഗ്ഷനിലെത്തിയാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. തീരദേശമുൾപ്പെടെ മണ്ഡലമാകെ ദിവസം മുഴുവൻ നീണ്ട പര്യടനത്തിനൊടുവിൽ ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിന് വടക്കുവശമായിരുന്നു പി.പ്രസാദിന്റെ പ്രചരണം പര്യവസാനിച്ചത്.

സമയപരിധി അവസാനിക്കാറായ വൈകിട്ട് ആറുമണിയായപ്പോഴേക്കും കണ്ണും കാതുമടപ്പിച്ചുള്ള ശബ്ദഘോഷങ്ങളിലായി കൊട്ടിക്കലാശത്തിന്റെ ആഘോഷത്തിമിർപ്പ്.