ക്ഷാമം രൂക്ഷം, പാചക വാതകം കരിഞ്ചന്തയിൽ സുലഭം

Wednesday 08 April 2026 12:39 AM IST

കോട്ടയം: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പാചകവാതകക്ഷാമം അതിരൂക്ഷമായത് കേറ്ററിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചതായി ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ആരോപിച്ചു. സിവിൽ സപ്ലൈസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ കേറ്ററിംഗ് അസോസിയേഷന് പാചക വാതകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. അതേ സമയം കൊള്ളവിലയിൽ പാചകവാതകം കരിഞ്ചന്തയിൽ സുലഭമാണെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. സി.എൻ.ജി ഡെപ്പോസിറ്റും, മീറ്റർ ചാർജും ഇൻസ്റ്റലേഷൻ ചാർജും താങ്ങാൻ ആകുന്നില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് ഡെപ്പോസിറ്റും മീറ്റർചാർജും കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ, രക്ഷാധികാരി പ്രിൻസ് ജോർജ്, ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, ജില്ലാ സെക്രട്ടറി ബിജു ഫൈവ് സ്റ്റാർ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു