ഓടുന്ന ട്രെയിനിൽ നിന്ന് അടിച്ചുവീഴ്ത്തി സ്വർണമാലയും മൊബൈലുകളും കവർന്നു

Wednesday 08 April 2026 1:05 AM IST

മുഖമടിച്ച് പ്ലാറ്റ്ഫോമിൽ വീണ യാത്രക്കാരന്റെ പല്ലുകൾ ഇളകി തെറിച്ചു

കൊച്ചി: റെയിൽവേ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ വാതിലിൽ നിന്ന യാത്രക്കാരനെ പാറ്റ്ഫോമിലേക്ക് അടിച്ചു വീഴ്ത്തി കവർച്ച. 1. 5 പവന്റെ സ്വർണമാലയും രണ്ട് മൊബൈൽഫോണുകളുമായി മോഷ്ടാക്കൾ കടന്നു. പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരന് മുഖത്ത് ഗുരുതര പരിക്കേറ്റു. രണ്ട് പല്ലുകൾ ഇളകിത്തെറിച്ചു. ചുണ്ട് മുറിഞ്ഞു.

വടക്കൻപറവൂർ മാളികംപീടികയിൽ ഗ്രാനൈറ്റ് കടയിൽ ജീവനക്കാരനായ തൃശൂ‌ർ കൊരട്ടി കാടുകുറ്റി കുലയിടം അമ്മുപ്പിള്ളി വീട്ടിൽ സുനിൽകുമാറിനാണ് (60) പരിക്കേറ്റത്.

ആലുവ റെയിൽവേ സ്റ്റേഷൻ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ഞായർ രാത്രി 8.14നായിരുന്നു സംഭവം. എറണാകുളം-ഗുരുവായൂർ പാസഞ്ചറിൽ കൊരട്ടി സ്റ്റേഷനിലേക്ക് പോകാൻ എത്തിയതായിരുന്നു സുനിൽകുമാ‍ർ. ഈ സമയം പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവായിരുന്നു. ഒരു മിനിറ്റ് മാത്രം സ്റ്റോപ്പുള്ള ട്രെയിനിന്റെ ഏറ്റവും മുന്നിലെ കോച്ചിലെ വാതിൽപ്പടിയിൽ നിൽക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഈ സമയം ഓടിയെത്തിയ മോഷ്ടാക്കളിൽ ഒരാൾ യാത്രക്കാരനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടുകയും മുഖത്തടിച്ച് സ്വ‌‌ർണമാലയും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയും ചെയ്തു. മുഖത്ത് നിന്ന് ചോരയൊലിച്ച സുനിൽകുമാർ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും ഇരുവരും കടന്നു.

ട്രെയിനിലും പ്ലാറ്റ്ഫോമിലും യാത്രക്കാർ കുറവായതിനാൽ മറ്റാരും സംഭവം അറിഞ്ഞില്ല. റെയിൽവേ പൊലീസും ആർ.പി.എഫും ചേ‌‌‌ർന്നാണ് സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. സ്വർണമാലയ്ക്ക് 1.60 ലക്ഷം രൂപ വിലമതിക്കുന്നു. മൊബൈൽ ഫോണുകളിൽ ഒന്നിന് 20,000 രൂപ വിലയുണ്ട്. ആധാർ, പാൻകാർഡുകളും കവർന്നു.

അപകടത്തിൽ മുറിഞ്ഞ ചുണ്ട് കൂട്ടിച്ചേർക്കാൻ സുനിൽകുമാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. റെയിൽവേ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ സി.സി ടിവി ക്യാമറകളില്ല. പരിസരത്തെയും മറ്റ് പ്ലാറ്റ്ഫോമുകളിലെയും ക്യാമറകൾ പരിശോധിച്ചു. യുവാക്കളായ മോഷ്ടാക്കളെ രണ്ടാഴ്ച മുമ്പ് പ്ലാറ്റ്ഫോമിൽ കണ്ടിരുന്നതായി സുനിൽകുമാർ പറഞ്ഞു.